സ്വവര്‍ഗപ്രേമികളുടെ രക്തദാന നിരോധനം റദ്ദാക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദം
Saturday, November 16, 2019 9:14 PM IST
ബര്‍ലിന്‍: രക്തം ദാനം ചെയ്യുന്നതില്‍നിന്ന് സ്വവര്‍ഗപ്രേമികളെയും ലിംഗമാറ്റം നടത്തിയവരെയും നിരോധിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദം വര്‍ധിക്കുന്നു. നിരോധനം നീക്കാന്‍ ലക്ഷ്യമിടുന്ന പ്രമേയം ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നും പറയാനില്ലാത്ത വിവേചനം മാത്രമാണിതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിനൊപ്പം, രാജ്യത്ത് ആവശ്യത്തിനു രക്തദാതാക്കളെ കിട്ടാത്ത അവസ്ഥയും നിലനില്‍ക്കുകയാണ്.

ഒരു വര്‍ഷമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നത് അടക്കം കര്‍ശന ഉപാധികളോടെ മാത്രമാണ് അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് ഇതുവരെ രക്തദാനം നടത്താന്‍ അനുമതി നല്‍കിയിരുന്നത്. 2017ല്‍ ഇതു സംബന്ധിച്ച നിയമത്തില്‍ നേരിയ ഇളവ് വരുത്തിയിരുന്നെങ്കിലും പിന്‍വലിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍