എഴുപതാം വാര്‍ഷികത്തില്‍ സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നാറ്റോ യോഗം
Friday, December 6, 2019 12:10 AM IST
ലണ്ടന്‍: നാറ്റോ സൈനിക സഖ്യത്തിന്‍റെ എഴുപതാം രൂപീകരണ വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനില്‍ യോഗം ചേരുന്നു. യുഎസിന്‍റെ നിസഹകരണവും തുര്‍ക്കിയുടെ അനുസരണക്കേടും കാരണം സംഘര്‍ഷഭരിതമായ ബന്ധമാണ് ഇപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.

സൈബര്‍ ആക്രമണങ്ങളും ചൈന കാരണമുള്ള തന്ത്രപരമായ വെല്ലുവിളികളുമാണ് യോഗത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.

വിവിധ വിഷയങ്ങളില്‍ യുഎസ്, ഫ്രഞ്ച് നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നതിനു തൊട്ടു പിന്നാലെയാണ് നാറ്റോ യോഗം ചേരുന്നത്. എഴുപതാം വാര്‍ഷികത്തില്‍ ഐക്യം വിളിച്ചോതാന്‍ ചേരുന്ന യോഗം അനൈക്യത്തിന്‍റെ കാഹളമാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്.

നൂറു കോടി ആളുകളെ സംരക്ഷിക്കുന്ന വലിയ പ്രതിരോധ കവചമാണ് നാറ്റോ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെട്ടത്. എന്നാല്‍, ആ കവചത്തിലുള്ള വിള്ളലുകളാണ് ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ