എന്‍എച്ച്എസില്‍ നഴ്സായി വന്നാല്‍ ഡോക്ടറായി മടങ്ങാം
Tuesday, February 25, 2020 10:26 PM IST
ലണ്ടന്‍: നഴ്സുമാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രത്യേക പരിശീലനം നല്‍കി സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍മാരാക്കാനുള്ള പദ്ധതി ബ്രിട്ടനിലെ എന്‍എച്ച്എസ് പ്രഖ്യാപിച്ചു. ശസ്ത്രക്രിയകളില്‍ നേരിട്ടു പങ്കെടുക്കുന്നതിനുള്ള പരിശീലനമാണ് ലഭ്യമാക്കുക.

സര്‍ജന്‍മാരുടെ ദൗര്‍ലഭ്യം നേരിടുന്നതിനും ഉള്ളവരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി. വിദേശ നഴ്സുമാര്‍ക്ക് ഉള്‍പ്പെടെ ഉള്ളവർക്ക് ഇതിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

അടിയന്തര ശസ്ത്രക്രിയകള്‍ നടത്താന്‍ പോലും രോഗികള്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് അധികൃതരുടെ പ്രതീക്ഷ.

മൈനര്‍ സര്‍ജറികള്‍ പലതും സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കും. ഹെര്‍ണിയ, സിസ്റ്റ്, തൊലിപ്പുറത്തുള്ള ഗ്രോത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതു പോലുള്ള പ്രക്രിയകളാണ് ഇവരെ ഏല്‍പ്പിക്കുക. ഒപ്പം അവയവ മാറ്റം അടക്കമുള്ള സങ്കീര്‍ണ ശസ്ത്രക്രിയകളില്‍ കൂടുതല്‍ നിര്‍ണായകമായ പങ്കും ലഭിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ