ഇന്ധന ചോർച്ച: 6.6 ലക്ഷം മെഴ്സിഡസ് ബെന്‍സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു
Tuesday, July 7, 2020 9:20 PM IST
ബര്‍ലിന്‍: ഈ വര്‍ഷം അവസാനത്തോടെ 6.6 ലക്ഷത്തിലധികം മെഴ്സിഡിസ് ബെന്‍സ് കാറുകള്‍ തിരിച്ചുവിളിക്കും. ഇന്ധന ചോർച്ച സാധ്യത മുന്നില്‍കണ്ടാണ് നടപടി. ഡിസംബര്‍ 18 മുതല്‍ 6,68,954 കാറുകളാണ് വിപണിയില്‍നിന്ന് പിന്‍വലിക്കുക. ഇവയില്‍ ബഹുഭൂരിപക്ഷവും ചൈനയില്‍ വിറ്റഴിച്ചവയാണ്.

ഉയര്‍ന്ന സമ്മര്‍ദമുള്ള ഇന്ധന പൈപ്പിനും താഴ്ന്ന സമ്മര്‍ദമുള്ള ഇന്ധനത്തിനുമിടയിലാണ് ചോര്‍ച്ചക്കുള്ള സാധ്യത കണ്ടെത്തിയത്. തണുപ്പു കാലാവസ്ഥയില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് ഇന്ധന ചോർച്ച സംഭവിക്കുന്നതെന്ന് ചൈനയുടെ വിപണി നിയന്ത്രണ സമിതി കഴിഞ്ഞയാഴ്ച അറിയിച്ചു.

തകരാര്‍ കണ്ടെത്തിയ വാഹനങ്ങളിലധികവും ചൈനയിലെ ബെയ്ജിംഗ് ബെന്‍സ് ഓട്ടോമോട്ടീവ് കമ്പനിയാണ് നിര്‍മിച്ചത്. കുട്ടികള്‍ക്കുള്ള സുരക്ഷ പൂട്ട് ശരിയല്ലാത്തതിനാല്‍ കഴിഞ്ഞമാസം 4653 മെഴ്സിഡിസ് ജി- ക്ലാസ് സെഡാന്‍ കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ