ഹാഗിയ സോഫിയ: അതീവ ദുഃഖിതനായി മാർപാപ്പ
Monday, July 13, 2020 10:00 PM IST
വ​ത്തി​ക്കാ​ന്‌ സി​റ്റി: ഇ​സ്താം​ബൂ​ളി​ലെ ഹാ​ഗി​യ സോ​ഫി​യ വീ​ണ്ടും മോ​സ്കാ​ക്കി മാ​റ്റി​യ തു​ർ​ക്കി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ അ​ഗാ​ധ ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ക​ത്തോ​ലി​ക്കാ​സ​ഭ നാ​വി​ക​ദി​ന​മാ‍ യി ആ​ച​രി​ച്ച ഇ​ന്ന​ലെ, ത്രി​കാ​ല​ജ​പ പ്രാ​ർ​ഥ​ന​യ്ക്കു​ ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ ത​ന്‍റെ മ​ന​സ് പ​ങ്കു​വ​ച്ച​ത്.

“സ​മു​ദ്ര​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത എ​ന്നെ ഇ​സ്താം​ബൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്നു. ഞാ​ൻ ഹാ​ഗി​യ സോ​ഫി​യ​യെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ക​യാ​ണ്. എ​നി​ക്കു വ​ള​രെ ദുഃ​ഖം തോ​ന്നു​ന്നു”- മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

1500 വ​ർ​ഷം മു​ന്പ് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ക​ത്തീ​ഡ്ര​ലാ​യി നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് ഹാ​ഗി​യ സോ​ഫി​യ. 1453ൽ ​കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ൾ കീ​ഴ​ട​ക്കി​യ ഓ​ട്ടോ​മ​ൻ തു​ർ​ക്കി​ക​ൾ അതു മോ​സ്കാ​ക്കി. ആ​ധു​നി​ക തു​ർ​ക്കി​യു​ടെ സ്ഥാ​പ​ക​ൻ മു​സ്ഫ ക​മാ​ൽ അ​ത്താ​തു​ർ​ക്ക് ത​ന്‍റെ മ​തേ​ത​ര നി​ല​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി 1934ൽ ​മോ​സ്കി​നെ മ്യൂ​സി​യ​മാ​ക്കി.

തു​ർ​ന്ന് ഹാ​ഗി​യ സോ​ഫി​യ​യെ വീ​ണ്ടും മോ​സ്കാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തു​ർ​ക്കി​യി​ലെ യാ​ഥാ​സ്ഥി​ക വി​ഭാ​ഗം ദീ​ർ​ഘ​നാ​ളാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഇ​തി​ന​നു​കൂ​ല​മാ​യ വി​ധി ഉ​ന്ന​ത കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു. യാ​ഥാ​സ്ഥിതി​ക​നാ​യ പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ഒ​ട്ടും മ​ടി​ക്കാ​തെ മ്യൂ​സി​യ​ത്തെ മോ​സ്കാ​ക്കു​ന്ന ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ചു.

തീ​രു​മാ​നം പു​ന​ഃപരി​ശോ​ധി​ക്ക​ണ​മെ​ന്ന് 350ഓ​ളം ക്രൈ​സ്ത​വസ​ഭ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് തു​ർ​ക്കി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​പൈ​തൃ​ക​പ​ദ​വി​യു​ള്ള ഹാ​ഗി​യ സോ​ഫി​യ​യു​ടെ പ​ദ​വി മാ​റ്റി​യ​തി​ൽ യു​നെ​സ്കോ​യും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചു.