ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു
Wednesday, September 30, 2020 9:06 PM IST
ബെര്‍ലിന്‍: ലുഫ്താന്‍സ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ഇനിയും വ്യക്തത വരാത്തതാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാൻ കാരണമെന്നു കരുതുന്നു.

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ, ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക.

ഇന്ത്യയില്‍ നിന്ന് ജര്‍മനി, ഫ്രാന്‍സ്,യുകെ, യുഎസ്, കാനഡ, ഖത്തര്‍, ജപ്പാന്‍, മാലിദീപ്, ബഹറിന്‍, നൈജീരിയ തുടങ്ങിയ 13 രാജ്യങ്ങളിലേക്കാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരം സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ജര്‍മനി ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

ഒക്ടോബറിലേക്ക് തങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നുവെന്നാണ് ലുഫ്താന്‍സയുടെ വിശദീകരണം.

താത്കാലിക വ്യോമയാന കരാറിലെത്താനുള്ള ജര്‍മനിയുടെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ലുഫ്താന്‍സ അധികൃതര്‍ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ