കേരളത്തിൽ മരിച്ച മലയാളിയുടെ സംസ്കാരം അയർലൻഡിൽ
Saturday, December 5, 2020 2:50 AM IST
ഡബ്ലിൻ:അങ്കമാലിയിൽ നിര്യാതനായ പാറേക്കാട്ടിൽ സജി സെബാസ്റ്റ്യ(45) ന്‍റെ സംസ്കാരം ഡിസംബർ 7 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് അയർലൻഡിലെ ഡണ്‍ഡാൽക്ക് കിൽക്കുറി സെന്‍റ് ബ്രിജിത് ദേവാലയത്തിൽ നടക്കും . സംസ്കാര ശുശ്രുഷകൾക്ക് ഫാ. വിനോദ് തെന്നാട്ടിൽ കാർമികത്വം വഹിക്കും. ശനി,ഞായർ ദിവസങ്ങളിൽ മൃതദേഹം ഡണ്‍ഡാൽക്കിൽ പൊതുദർശനത്തിനു വയ്ക്കും.

ഡണ്‍ഡാൽക്ക് സെന്‍റ് ഒലിവർ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സായിരുന്ന സജി കഴിഞ്ഞ പതിനേഴു വർഷമായി അയർലൻഡിൽ ആയിരുന്നു താമസം. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി അവധിയെടുത്തു നാട്ടിലെത്തിയതായിരുന്നു സജി. രോഗബാധിതനായ പിതാവിനൊപ്പം അങ്കമാലിയിലുള്ള വീട്ടിൽ കിടന്നുറങ്ങവെ നവംബർ 13 നാണ് സജി ഹൃദയാഘാതത്തെതുടർന്നു മരിച്ചത്.

അങ്കമാലി വളവിറോഡ് പാറേക്കാട്ടിൽ സെബാസ്റ്റ്യൻ - മേരി ദന്പതികളുടെ മകനാണ്. ഭാര്യ: ജെന്നി കുര്യൻ (സ്റ്റാഫ് നഴ്സ്,സെന്‍റ് ഒലിവർ എച്ച് എസ് ഇ നഴ്സിംഗ് ഹോം,ഡണ്‍ഡാൽക്ക്) മലയാറ്റൂർ നെടുംങ്കണ്ടത്തിൽ കുടുംബാംഗം. മക്കൾ പാട്രിക്, ജെറാൾഡ്,അലക്സ്. സഹോദരങ്ങൾ: ഫാ. അജി സെബാസ്റ്റ്യൻ പാറേക്കാട്ടിൽ (കാനഡ),അമൽ സെബാസ്റ്റ്യൻ (ഓസ്ട്രേലിയ).

സഹോദരി റെജി സെബാസ്റ്റ്യൻ ആറുവർഷം മുൻപ് നവംബർ 18 നു അയർലൻഡിൽ ഹ്യദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു.സഹോദരിയുടെ ചരമവാർഷികത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നവംബർ 13 നു സജിയെത്തേടി മരണമെത്തിയത്.

നാട്ടിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ആദ്യമായാണ് അയർലൻഡിലേക്ക് സംസ്കാരത്തിനായി കൊണ്ടുവരുന്നത്.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ