ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്‍റെ അംഗീകാരം
Thursday, April 15, 2021 12:16 PM IST
ബര്‍ലിന്‍: രാജ്യത്താകമാനം കോവിഡ് പ്രതിരോധത്തിന് ഏകീകൃത നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന് ജര്‍മന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഫെഡറല്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം നല്‍കുകയും, നടപടികള്‍ സ്റേററ്റ് സര്‍ക്കാരുകള്‍ സ്വീകരിക്കുകയും ചെയ്തുവരുന്ന രീതിയാണ് ഇതുവരെ പിന്തുടര്‍ന്നു പോന്നത്.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സ്റേററ്റുകള്‍ തമ്മില്‍ സമവായമില്ലാത്ത സാഹയര്യം സംജാതമായിരുന്നു. അടിയന്തര നടപടികള്‍ പോലും പതിനാറ് സ്റേററ്റുകളുടെയും അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നത് പലപ്പോഴും കാലതാമസത്തിനും കാരണമായി.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ശേഷം കോവിഡ് വ്യാപനമുണ്ടായാല്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന മാര്‍ഗനിര്‍ദേശം എല്ലാ സ്റേററ്റുകളും കൃത്യമായി പാലിക്കാതിരിക്കുക കൂടി ചെയ്തതോടെയാണ് ഏകീകൃത നടപടികള്‍ക്കു തീരുമാനമായത്.

കര്‍ശനമായ കൊറോണ വൈറസ് നടപടികളും വ്യാപകമായി കര്‍ഫ്യൂ, ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിയമമായി അംഗീകരിച്ചത്.

ദേശീയ അണുബാധ നിയന്ത്രണ നിയമത്തിലെ വിവാദപരമായ മാറ്റങ്ങളെക്കുറിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സമവായത്തിലെത്തിയപ്പോള്‍ കൊറോണ വൈറസ് പാന്‍ഡെമിക് തടയാന്‍ രാത്രി സമയ കര്‍ഫ്യൂ പോലുള്ള കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ അധികാരം നല്‍കി. സംസ്ഥാനങ്ങള്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ മെര്‍ക്കല്‍ ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തു.

ക്രമീകരിച്ച നിയമം, ഇപ്പോഴും പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ഉയര്‍ന്ന അണുബാധ നിരക്ക് ഉള്ള പ്രദേശങ്ങളിലെ സ്‌കൂളുകളും ബിസിനസുകളും അടയ്ക്കാനും അനുവദിക്കും. ഒരു ലക്ഷം നിവാസികള്‍ക്ക് 7 ദിവസത്തില്‍ 100 ലധികം അണുബാധകള്‍ ഉള്ള പ്രദേശങ്ങളില്‍ നിരവധി കര്‍ശന നടപടികള്‍ സ്വീകരിക്കും. മന്ത്രിസഭ അംഗീകരിച്ച ക്രമീകരിച്ച നിയമം 'എമര്‍ജന്‍സി ബ്രേക്ക്' നടപ്പിലാക്കാനുള്ള അധികാരമാണ് ലഭിച്ചത്.

രാത്രികാല കര്‍ഫ്യൂ വഴി താമസക്കാര്‍ക്ക് മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കോ ജോലി ആവശ്യങ്ങള്‍ക്കോ മൃഗങ്ങളെ പരിപാലിക്കുന്നതിനോ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ മാത്രമേ അനുവാദമുള്ളൂവെന്ന് പദ്ധതിയില്‍ പറയുന്നു.

ഒരു വീട്ടിലെ അംഗങ്ങളും മറ്റൊരാളും പങ്കെടുക്കുന്നില്ലെങ്കില്‍ മാത്രമേ പൊതു അല്ലെങ്കില്‍ സ്വകാര്യ സ്ഥലത്ത് സ്വകാര്യ ഒത്തുചേരലുകള്‍ അനുവദിക്കൂ.

ഭക്ഷ്യ വ്യാപാരം, പാനീയ വിപണികള്‍, ആരോഗ്യ ഭക്ഷ്യ സ്റ്റോറുകള്‍, ബേബി മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സപ്ലൈ സ്റ്റോറുകള്‍, മരുന്നുകടകള്‍, ഒപ്റ്റീഷ്യന്‍മാര്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവ ഒഴിവാക്കും. വിനോദസഞ്ചാരികളുടെ താമസവും നിരോധിക്കും.

സ്‌കൂളുകളില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് നെഗറ്റീവ് കൊറോണ വൈറസ് പരിശോധന ഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ മുഖാമുഖ ക്ലാസുകള്‍ അനുവദിക്കൂ. 'ഏകീകൃത ദേശീയ' നിയമങ്ങള്‍ പ്രയോഗിക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് മെര്‍ക്കലിന്റെ വക്താവ് സ്റ്റെഫാന്‍ സൈബര്‍ട്ട് പറഞ്ഞു.

ജര്‍മ്മനിയുടെ 16 സംസ്ഥാനങ്ങളില്‍ ഒരെണ്ണം മാത്രമാണ് ചൊവ്വാഴ്ച 100 ന് താഴെയുള്ള സംഭവ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്.വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് പ്രതിവാര പരിശോധന നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കുന്ന പുതിയ ചട്ടത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് പണം നല്‍കുന്നതിന് ജര്‍മ്മനി കമ്പനികളെ പ്രേരിപ്പിക്കാനും അനുമതിയായി.

ജര്‍മ്മന്‍ അസോസിയേഷന്‍ ഓഫ് ടൗണുകളും മുനിസിപ്പാലിറ്റികളും പദ്ധതികളെ വിമര്‍ശിച്ചു. ക്രമീകരിച്ച നിയമം ബുണ്ടസ് ടാഗും ബുണ്ടസ് റാറ്റും അംഗീകരിക്കണം.യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജര്‍മനിയ്ക്ക് വര്‍ദ്ധിച്ചുവരുന്ന അണുബാധ നിരക്ക് ഉള്‍ക്കൊള്ളാന്‍ പാടുപെടുന്നതിനാല്‍ കര്‍ശനമായ ഫെഡറല്‍ ഘടനകളില്‍ നിന്ന് മാറിയാണ്‌വിവാദപരമായ നീക്കം.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,810 പുതിയ രോഗചകളും 296 മരണങ്ങളും രേഖപ്പെടുത്തി. ഇന്‍സിഡെന്‍സ് റേറ്റ് 140.9 ആയി ഉയര്‍ന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ