മഴവിൽ സംഗീത മാമാങ്കത്തിന് ഉജ്ജ്വല പര്യവസാനം
Friday, June 14, 2019 5:09 PM IST
ലണ്ടൻ: ബോൺമൗത്തിൽ ജൂൺ 8 നു നടന്ന മഴവിൽ സംഗീതത്തിന്‍റെ ഓളങ്ങൾ ഓരോ സംഗീതപ്രേമികളുടെയും മനസിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.
രാഗവും താളവും ശ്രുതിയും മേളവും നിറങ്ങളും കൈകോർത്ത രാവിന് നൃത്തവും കൂടി ചേർന്നപ്പോൾ ഒരു മഴവില്ലിന്‍റെ പകിട്ടായി മാറി.

വൈകുന്നേരം 4.30 ന് ആരംഭിച്ച സംഗീത വിരുന്ന് ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ഉദ്‌ഘാടനം ചെയ്തു. മഴവില്ലിന്‍റെ സാരഥികളായ അനീഷ് ജോർജ് , ടെസ് മോൾ ജോർജ് ,സംഘടകരായ ഡാന്‍റോ പോൾ, കെ.എസ്. ജോൺസൻ , സുനിൽ രവീന്ദ്രൻ , ഷിനു സിറിയക് , സൗമ്യ ഉല്ലാസ് , ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ''Tribute to Indian soldiers ''എന്ന സംഗീതം പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോൾ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ മിന്നിമറഞ്ഞ ദൃശ്യങ്ങൾ, സൈനികരുടെ ത്യാഗപൂർണമായ ജീവിതത്തെ ഓർമപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോൺമോത്തിലെ കുരുന്നുകൾ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോൾ ദേശസ്നേഹത്താൽ സദസിൽ നിന്നും "ഭാരത് മാതാ കീ ജയ്' കൾ മുഴങ്ങി.

തുടർന്ന് ജിൻസും വാണിയും ദീപകും ചേർന്ന് തീർത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ , മോഹൻലാൽ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളിൽ സദസ് ആടി തിമർത്തു.

ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി "ശ്യാമ ഈ സംഗീത് '' എന്ന ഗാനകൂട്ട് അനീഷും ടെസയും ഗിരിജയും കൂടി ആലപിച്ചപ്പോൾ യുകെയിൽ ഉടനീളമുള്ള ഗായകർ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസിനെ കൈയിലെടുത്തു.

ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദ വെളിച്ചം നിയന്ത്രിച്ചത് ബീറ്സ് ഡിജിറ്റൽ യുകെ യുടെ ബിനു ജേക്കബ് ആയിരുന്നു. ഈ നോർതംപ്റ്റൻ സ്വദേശി കഴിഞ്ഞ നാലു വർഷമായി മഴവിൽ സംഗീതത്തോടൊപ്പം സഞ്ചരിക്കുന്നു ..

പതിവുപോലെ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ ഓരോ ഗാനത്തിന്‍റേയും ദൃശ്യങ്ങൾ മിന്നിമറഞ്ഞത് ആസ്വാദനത്തിന്‍റെ ആഴം പതിന്മടങ്ങാക്കി. വെൽസ് ചാക്കോയുടെ നേതൃത്വത്തിലുള്ള കളർ മീഡിയ യുകെയിൽ പ്രശ്സതരാണ്

മഴവില്ലിന്‍റെ നിറങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വർഗീസ് (ഫോട്ടോജിൻസ്‌) , റോണി ജോർജ് (ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിൻ (എസ് എൻ ഫോട്ടോഗ്രാഫി) എന്നിവരും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ



രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകർക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി.
ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സിൽ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരൻ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവിൽ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയിൽ
അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു ...
നന്ദിയോടെ മഴവില്ല് ഭാരവാഹികൾ.