കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹർജി കോടതി തള്ളി
Tuesday, October 8, 2019 9:21 PM IST
ലണ്ടൻ: കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സ്കോട്ടിഷ് കോടതി തള്ളി.

ഒക്ടോബർ 19നു മുൻപ് പിൻമാറ്റ കരാർ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ബ്രെക്സിറ്റ് തീയതി നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കാൻ പ്രധാനമന്ത്രിയോടു നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ, ഇത്തരമൊരു നിർദേശം കോടതിയുടെ ഭാഗത്തുനിന്നു നൽകാനുള്ള സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നിയമപരമായി പ്രവർത്തിക്കേണ്ട ആളാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

സർക്കാരിനോ പ്രധാനമന്ത്രിക്കോ ഏതെങ്കിലും പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ നിർദേശം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിനു തന്നെ വിരുദ്ധമാകും. ഭരണഘടനാപരമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിക്കും സർക്കാരിനും ബാധ്യതയുണ്ട്. അതു ലംഘിക്കപ്പെട്ടാലുള്ള സാഹചര്യം ഇപ്പോൾ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ