സിനഗോഗ് വെടിവെയ്പ്പ് : ട്വിച്ചിൽ ലൈവ് കണ്ടത് 2200 പേർ
Thursday, October 10, 2019 10:01 PM IST
ബർലിൻ : ബുധനാഴ്ച കിഴക്കൻ ജർമനിയിലെ ഹാളെ നഗരത്തിലെ സിനഗോഗിൽ നടന്ന തോക്കു ധാരിയുടെ ആക്രമണം ട്വിച്ചറിലൂടെ ലൈവ് ആയി കണ്ടത് 2200 ആളുകൾ എന്ന് ആമസോണിന്റെ വീഡിയോ സ്ട്രീമിംഗ് സൈറ്റായ twitch അറിയിച്ചു.

വെടി വെയ്പിന്‍റെ തൽസമയ സ്ട്രീമിംഗ് നടന്നതിനു ശേഷം മുപ്പതു മിനിറ്റ് നേരം ഫൂട്ടേജ് ഓൺലൈനിൽ തുടർന്നിരുന്നു.‌ ഇരുപത്തിയെട്ടു കാരനായ സ്റ്റെഫാൻ എന്ന അക്രമി അയാളുടെ ഹെൽമെറ്റ് ഘടിപ്പിച്ച കാമറ വഴിയാണ് സ്ട്രീമിംഗ് സാധ്യമാക്കിയത്. ഇത്രയും ആളുകൾ കണ്ട് കഴിഞ്ഞപ്പോൾ ആണ് ട്വിച്ച് ലൈവ് ദൃശ്യങ്ങൾ നിർത്തിയത്.

പ്രാദേശിക സമയം ഉച്ചക്ക് 12 നാണ് സംഭവം. സിനാഗോഗിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതും വാതിൽക്കൽ എത്തി വെടി ഉതിർക്കുന്നതിന് മുൻപ് സെമിറ്റിക് വിരുദ്ധ ആക്രോശങ്ങളും അക്രമി നടത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഇയാളെ തടഞ്ഞപ്പോൾ അയാളെ വെടിവെച്ചു വീഴ്ത്തിയ ശേഷമാണ് അക്രമി അകത്തു കടക്കാൻ ശ്രമിച്ചത്. ഇയാളുടെ വെടിയേറ്റ് വഴി യാത്രക്കാരിയും അടുത്തുള്ള റസ്റ്ററന്‍റിൽ നിന്ന ആളുമാണ് മരിച്ചത്. മറ്റു രണ്ടു പേർക്ക് കൂടി വെടി ഏറ്റുവെങ്കിലും അവരുടെ നില ഗുരുതരമല്ല.

ജൂതർക്കും വിദേശികൾക്കെതിരെയും ആക്രോശം മുഴക്കിയ അക്രമി അതു വഴി വന്ന ടാക്സി തോക്കു ചൂണ്ടി കൈ വശപ്പെടുത്തി രക്ഷ പെടാൻ ശ്രമിക്കുന്നതിനിടെ കാർ അപകടത്തിൽ പെടുകയും പോലീസ് കീഴ്പെടുത്തുകയുമായിരുന്നു.

ഇയാൾ വന്ന ചെറിയ ട്രക്കിൽ നിന്നും നാല് കിലോ തൂക്കം വരുന്ന സ്ഫോടക ശേഖരവും പോലീസ് പിടിച്ചെടുത്തു.നിയോ നാസി ഗ്രൂപ്പിൽ പെട്ട ആളാണ് അക്രമി. അക്രമം നടക്കുമ്പോൾ സിനാഗോഗിൽ എൺപതോളം ജൂതർ ഉണ്ടായിരുന്നു.

സംഭവ സ്ഥലം സന്ദർശിച്ച ചാൻസലർ ആംഗല മെർക്കൽ അകമത്തെ അപലപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ