ബിബ്ലിയ - 2020- ബൈബിൾ പഠന പരിശീലനവുമായി യുകെ മലങ്കര കത്തോലിക്കാ സഭ
Saturday, June 6, 2020 12:35 PM IST
ലണ്ടൻ : മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന്റെ വഴിയിൽ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യുകെ മലങ്കര കത്തോലിക്കാ സഭാ സമൂഹം രണ്ടു ദിവസത്തെ (ജൂൺ 6, 7)ബൈബിൾ പഠന ക്യാമ്പ് ക്രമീകരിക്കുന്നു. "ബിബ്ലിയ - 2020" ബൈബിൾ പഠന ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. യു. കെ യിലെ 18 മിഷൻ കേന്ദ്രങ്ങളിലെയും എല്ലാ കുട്ടികളും ഓൺലൈൻ പരിശീലന ക്യാമ്പിൽ പങ്കെടുക്കും.

ദൈവവചനത്തിലൂടെ ദൈവസ്നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസത്തെ പാഠ്യഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ബൈബിൾ പഠനത്തോടൊപ്പം കഥകൾ, കളികൾ, പാട്ടുകൾ, ഓൺലൈൻ ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും ഉൾച്ചേർത്തിരിക്കുന്നു. ഇവ കുട്ടികളുടെ പങ്കാളിത്തത്തെ കൂടുതൽ സജീവമാക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചുകൊണ്ടാണ് ഓൺലൈൻ ക്യാമ്പ് ക്രമീകരണം.

കുടുംബങ്ങളാകുന്ന ദൈവാലങ്ങളെ കൂടുതൽ ദൈവസാന്നിധ്യത്തിലേക്ക് അടുപ്പിക്കാനും കുഞ്ഞുങ്ങൾക്ക് ദൈവീകചൈതന്യം പകർന്നു നൽകാനും "ബിബ്ലിയ - 2020" കാരണമാകുമെന്ന് തന്റെ സന്ദേശത്തിലൂടെ യു. കെ. അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് വ്യക്തമാക്കി.

സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും, മതബോധന ഡയറക്ടർ ഫാ. ജോൺസൺ മനയിലിന്റെയും നേതൃത്വത്തിൽ വൈദീകർ, ക്യാമ്പ് കോർഡിനേഷൻ ടീം, പ്രധാന അധ്യാപകർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

ഞായറാഴ്ച രാവിലെ ഓരോ കുടുംബങ്ങളിലും പ്രത്യേക പ്രാർഥനയോടെ നടത്തുന്ന ബൈബിൾ പ്രതിഷ്‌ഠയോടെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച വൈകുന്നേരത്തെ ബിബ്ലിയ ഓൺലൈൻ ക്വിസ് മത്സരത്തോടെ സമാപിക്കും.