ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന തിരുനാൾ ആചരിച്ചു
Thursday, April 18, 2019 10:10 PM IST
ഷിക്കാഗോ: കര്‍ത്താവിന്‍റെ രാജകീയമായ ജറുസലേം പ്രവേശനം അനുസ്മരിച്ചുകൊണ്ടും വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചുകൊണ്ടുമുള്ള ഓശാന തിരുക്കർമ്മങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊണ്ടാടി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുക്കര്‍മ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കി.

സുറിയാനി കത്തോലിക്കരുടെ പ്രത്യേക അനുഷ്ഠാനമായ തമുക്ക് നേര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറവിലങ്ങാട് മാര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ആരംഭിച്ച തമുക്ക് നേര്‍ച്ച സീറോ മലബാര്‍ കത്തോലിക്കരുടെ പാരമ്പര്യത്തേയും വിശ്വാസതീക്ഷണതയേയും അനുസ്മരിപ്പിക്കുന്ന ഒന്നാണ്.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തിയ ധ്യാനം സഹവികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ നയിച്ചു. വികാരി ഫാ. തോമസ് കടുകപ്പള്ളി നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം