മക്കളെ ചങ്ങലക്കിട്ടു പീഡിപ്പിച്ച മാതാപിതാക്കൾക്ക് ജീവപര്യന്തം ശിക്ഷ
Saturday, April 20, 2019 5:53 PM IST
കലിഫോർണിയ: മക്കളെ ചങ്ങലക്കിട്ടു പീഡിപ്പിച്ച മാതാപിതാക്കൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 13 മക്കളിൽ 12 പേരെ വീട്ടിനകത്തു വൃത്തിഹീന ചുറ്റുപാടുകളിൽ ചങ്ങലക്കിട്ടും ആവശ്യമായ പോഷകാഹാരങ്ങൾ നൽകാതെയും വളർത്തിയ ലോകഹീഡ് മാർട്ടിൻ കമ്പനി എൻജിനിയർ ഡേവിഡ് ടർഫിൻ (57) ഭാര്യ ലൂസിയ ടർഫിൻ (50) എന്നിവർക്കാണു റിവർ സൈഡ് ജഡ്ജി ബർണാർഡ് ഷ്വവർട്ടസ് ശിക്ഷിച്ചത്. ഇരുവർക്കും 25 വർഷത്തിനുശേഷം മാത്രമേ പരോളിന് അപേക്ഷിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

2018 ജനുവരിയിലായിരുന്നു സംഭവം. വീട്ടിൽ ചങ്ങലക്കിട്ടിരുന്ന പതിനേഴുകാരി രക്ഷപ്പെട്ട് പോലീസിന് അറിയിച്ചതിനെ തുടർന്നാണ് പുറം ലോകം ഞെട്ടിക്കുന്ന വിവരം അറിയുന്നത്. 2019 ഫെബ്രുവരിയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നു മുതൽ 29 വയസ് വരെ പ്രായമുള്ള കുട്ടികളെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു വീട്ടിൽ വളർത്തുന്നതു മൂലം തെറ്റുകളിൽ അകപ്പെടുകയില്ലെന്നും അച്ചടക്കം ഉള്ളവരായി വളരുമെന്നും ഞങ്ങൾ വിശ്വസിച്ചു. കുട്ടികളുടെ നന്മ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്. ഞങ്ങള്‍ അവരെ സ്നേഹിച്ചിരുന്നു. പള്ളികളിലെ ആരാധനകളിലും ചിലപ്പോൾ എല്ലാവരുമൊരുമിച്ച് പുറത്തേയ്ക്കു പോകുകയും ചെയ്തിരുന്നുവെന്ന് മാതാപിതാക്കൾ കോടതിയിൽ പറഞ്ഞു. ചെയ്ത കുറ്റത്തിന് ഇരുവരും മാപ്പപേക്ഷിക്കുകയും ചെയ്തു.

എന്നാൽ പ്രോസിക്യൂഷന്റെ ആരോപണം വളരെ ഗുരുതരമായിരുന്നു. കുട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും ആവശ്യമായ പോഷകാഹാരം നല്‍കാതിരിക്കുകയും ശരിയായി കുളിക്കാൻ അനുവദിക്കാതിരിക്കുകയും ആവശ്യമായ വിദ്യാഭ്യാസം നൽകാതിരിക്കുകയും ചെയ്തതു കുട്ടികളോടുള്ള ക്രൂരതയായിരുന്നുവെന്നു കോടതി വ്യക്തമാക്കി. 13 കുട്ടികളിൽ ഒരാൺകുട്ടിയെ മാത്രം തൊട്ടടുത്തുള്ള കമ്യൂണിറ്റി കോളജിൽ ചേർന്ന് പഠിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഈ കുട്ടി പുറത്തു പോകുമ്പോഴെല്ലാം മാതാവും ഇവനെ പിന്തുടർന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കുട്ടികളിൽ ചിലർ മാതാപിതാക്കൾക്കനുകൂലമായും ചിലർ എതിർത്തും കോടതിയിൽ മൊഴി നൽകി. നല്ല ശിക്ഷണത്തിൽ വളർത്താൻ മാതാപിതാക്കൾ ശ്രമിച്ചുവെന്നതും സ്വാതന്ത്ര്യം നിഷേധിച്ചുവെന്നതും ചില കുട്ടികളോട് മാതാപിതാക്കളുടെ ക്ഷമാപണവും എല്ലാം കോടതിമുറിയിൽ കൂടിയിരുന്നവർക്ക് വികാരനിർഭരമായ നിമിഷങ്ങളാണ് സൃഷ്ടിച്ചത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ