ഗർഭിണിയായ യുവതിയെ കൊന്നു വയറ്റിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തെങ്കിലും രക്ഷിക്കാനായില്ല
Saturday, June 15, 2019 5:33 PM IST
ഷിക്കാഗോ: ഗർഭിണിയായ പത്തൊമ്പതുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം വയറ് കുത്തി പിളർന്നു തട്ടിയെടുക്കാൻ ശ്രമിച്ച കുഞ്ഞും മരിച്ചു. ഗർഭ പാത്രത്തിൽ നിന്നും ബലാൽക്കാരമായി പുറത്തെടുത്ത യൊവാനി ജഡിയൽ ലോപസ് എന്ന കുഞ്ഞ് നാലാഴ്ച മാത്രമാണ് ജീവിച്ചത്. ഇതിനിടയിൽ കണ്ണു തുറന്ന് മരുന്നുകൾക്ക് പ്രതികരിച്ച കുഞ്ഞിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് ഓക് ലോൺ ക്രൈസ്റ്റ് മെഡിക്കൽ സെന്‍റർ അധികൃതർ പറഞ്ഞു.

ഏപ്രിൽ 13 നായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 19 വയസുള്ള ഗർഭിണിയായ മർലിൻ ലോപസിനെ ക്ലാറിസ ഫിഗ്വേര (46) മകൾ ഡിസിറി (24) എന്നിവർ ചേർന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം വയർ കുത്തികീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ക്ലാറിസ മറ്റുള്ളവരോട് താൻ ജന്മം നൽകിയ കുട്ടിക്ക് ചലനമില്ല എന്ന് പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് ജന്മം നൽകിയത് ക്ലാറിസയല്ലെന്നും യഥാർഥ മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാർബേജ് കാനിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസിൽ പ്രതികളാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ