ഒക്‌ലഹോമ ഡിഎച്ച്എസ് ജീവനക്കാർക്ക് 13% ശമ്പള വർധനവ്
Friday, September 13, 2019 8:01 PM IST
ഒക്‌ലഹോമ: സംസ്ഥാനത്തെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹ്യൂമൻ സർവീസസ് ജീവനക്കാർക്ക് 13% ശമ്പള വർധനവ് അനുവദിച്ചുകൊണ്ടു ഗവർണർ കെവിൻ സ്റ്റിറ്റ് ഉത്തരവിറക്കി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ശമ്പള വർധനവ് പ്രഖ്യാപിക്കുന്നത്. സമൂഹ സേവനത്തിൽ ഡിപ്പാർട്ട്മെന്‍റ് ജീവനക്കാരൻ വലിയ പങ്കാണ് വഹിക്കുന്നതെന്നും അവർക്ക് അർഹതപ്പെട്ടതാണ് ഈ ശമ്പള വർധനവെന്നും ഡിഎച്ച്എസ് ഡയറക്ടർ ജസ്റ്റിൻ ബ്രൗൺ പറഞ്ഞു.

സംസ്ഥാനത്തിന് 10 മുതൽ 8 മില്യൺ ഡോളറിന്‍റെ പ്രതിവർഷ ബാധ്യത ഇതു മൂലം ഉണ്ടാകുമെന്ന് ഡയറക്ടർ പറഞ്ഞു. വർഷങ്ങളായി നിയമനം നടത്താതിരുന്ന അഞ്ഞൂറ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള പദ്ധതിയും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. ഒക്ടോബർ മുതൽ വർധിപ്പിച്ച ശമ്പളം നൽകി തുടങ്ങുമെന്നും ഡയറക്ടർ അറിയിച്ചു. നാലായിരത്തിലധികം ജീവനക്കാർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ