മൂന്നു വയസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു
Saturday, September 14, 2019 6:32 PM IST
സെന്‍റ് ലൂയിസ് : സെന്‍റ് ലൂയിസ് കൗണ്ടി ലോറൽ പാർക്ക് അപ്പാർട്ട്മെന്‍റിൽ മൂന്നു വയസുകാരൻ തോക്ക് എടുത്തു കളിക്കുന്നതിനിടെ വെടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഇതോടെ സെന്‍റ് ലൂയിസിൽ ഈ വർഷം വെടിയേറ്റു മരിച്ച കുട്ടികളുടെ എണ്ണം 22 ആയി.

വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവം നടക്കുന്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയെ കാറിൽ മാതാവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ കണ്ട പോലീസ് ഉദ്യോഗസ്ഥനോട് സഹായമഭ്യർഥിച്ചു. കുട്ടിയെ പോലീസ് വാഹനത്തിലേക്ക് മാറ്റി ഫസ്റ്റ്എയ്ഡ് നൽകിയെങ്കിലും വഴിയിൽ വച്ചു തന്നെ കുട്ടി മരിച്ചു.

മാതാപിതാക്കളുടെ കിടപ്പു മുറിയിൽ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. അശ്രദ്ധയായി കിടന്നിരുന്ന തോക്ക് കുട്ടിയെടുത്തു കളിക്കുന്നതിനിടയിലാണ് വെടിയേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ തോക്ക് കുട്ടികൾക്ക് ലഭിക്കാത്ത വിധത്തിൽ സൂക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഉൽകണ്ഠയുണ്ടെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ