പാർട്ടിയുമായി ചേർന്ന് പോകണം; ജി.സുധാകരന് ഉപദേശവുമായി മന്ത്രി സജി ചെറിയാൻ
Wednesday, October 15, 2025 10:20 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന് ഉപദേശവുമായി മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങൾ അംഗീകരിക്കില്ല. അതൊക്കെ പാർട്ടി താക്കീതു ചെയ്ത് നിർത്തും.
തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന കെപിസിസിയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു.
തുടർന്നാണ് അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണമുണ്ടായത്. ഇതിനു പിന്നിൽ പാർട്ടിയിലെ ചിലരാണെന്നും അവരെ തനിക്ക് അറിയാമെന്നും ജി.സുധാകരൻ പറഞ്ഞിരുന്നു.