ക്രിസ്ത്യൻ സ്റ്റാർ പ്രൊഡക്ഷൻസ് ഉദ്ഘാടന സമ്മേളനവും സംഗീത നിശയും
Saturday, September 21, 2019 7:32 PM IST
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ആസ്ഥാനമായി പുതുതായി പ്രവർത്തനമാരംഭിക്കുന്ന
ക്രിസ്ത്യൻ സ്റ്റാർ പ്രൊഡക്ഷൻസിന്‍റെ ഉദ്ഘാടന സമ്മേളനവും സംഗീത നിശയും ഒക്ടോബർ 22
ന് (ഞായർ) വൈകിട്ട് ആറിന് വെസ്റ്റ് പാം ബീച്ചിലുള്ള കമ്യൂണിറ്റി ക്രിസ്ത്യൻ ചർച്ചിൽ
നടക്കും.

പ്രമുഖ സാമൂഹ്യ, സാംസ്കാരിക നായകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നും പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ ബ്രദർ മാത്യു ജോണ്‍ അമേരിക്കയിലെ യുവതലമുറ
ഗായകരിൽ പ്രമുഖനായ സാംസണ്‍ സാമുവൽ (വെസ്റ്റ് വെർജീനിയ) ഫ്ളോറിഡായുടെ
അഭിമാന ഗായിക സിനി ഡാനിയേൽ എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും
ഉണ്ടായിരിക്കും.

അമേരിക്കൻ മലയാളികളുടെ സംഗീതപരമായ സർഗവാസനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "സ്റ്റാർ സിംഗേർസ്’ എന്ന ക്രിസ്ത്യൻ റിയാലിറ്റി ഷോ, അമേരിക്കയിൽ നടക്കുന്ന പ്രമുഖ സമ്മേളനങ്ങളുടെ തത്സമയ സംപ്രേക്ഷണം, ക്രൈസ്തവ സംഗീത വീഡിയോ നിർമാണം,
ക്രിസ്തീയ റേഡിയോ സംപ്രേക്ഷണ പരിപാടി തുടങ്ങിയവയാണ് ക്രിസ്ത്യൻ സ്റ്റാർ പ്രൊഡക്ഷൻസിന്‍റെ പ്രവർത്തനങ്ങൾ.

സഭാ വിഭാഗീയ വ്യത്യാസമന്യേ എല്ലാ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്കും പങ്കെടുക്കാവുന്ന സ്റ്റാർ സിംഗേർസ് റിയാലിറ്റി ഷോ സീസണ്‍-1 ലേക്കുള്ള രജിസ്ട്രേഷൻ കിക്കോഫ്, സ്റ്റാർ വിഷൻ ലോഗോ അനാവരണം എന്നിവയും ഇതിനോടനുബന്ധിച്ചു നടക്കും. പ്രമുഖ മലയാളി സാംസ്കാരിക സംഘടനകളായ ഫോമ, ഫൊക്കാന, നവകേരളാ, മലയാളി സമാജം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

ജയിംസ് മുളവന (പ്രസിഡന്‍റ്), ഡോ: ജോജി ഗീവർഗീസ് (വൈസ് പ്രസിഡന്‍റ്) റവ: ജിമ്മി
തോമസ് (സെക്രട്ടറി), റവ: സാംസണ്‍ സാമുവേൽ (പ്രോഗ്രാം ഡയറക്ടർ), റജി പാറയിൽ
(ട്രഷറർ), പ്രഫ. ഡാനിയേൽ കുളങ്ങര(ഡയറക്ടർ ബോർഡ് മെംബർ), ജോജി തോമസ്
(ഡയറക്ടർ ബോർഡ് മെംബർ ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും .