മൂന്നു വയസുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു; ഈവര്‍ഷം ടെക്‌സസില്‍ ചൂടേറ്റ് മരിച്ചത് ആറു കുട്ടികള്‍
Sunday, September 22, 2019 3:43 PM IST
സാന്‍അന്റോണിയോ: സെപ്റ്റംബര്‍ 21-നു ശനിയാഴ്ച സാന്‍അന്റോണിയോയില്‍ മൂന്നുവയസുള്ള ആണ്‍കുട്ടി കാറിലിരുന്നു ചൂടേറ്റ് ദാരുണമായി മരിച്ചതോടെ ടെക്‌സസില്‍ മാത്രം ഈവര്‍ഷം ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി. അമേരിക്കയില്‍ ഇതുവരെ 43 കുട്ടികള്‍ കാറിലിരുന്നു ചൂടേറ്റ് മരിച്ചതായി കിഡ്‌സ് ആന്‍ഡ് കാര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നെണ്ണം നോര്‍ത്ത് ടെക്‌സസിലാണ്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

കുട്ടിയുടെ ആറുവയസുള്ള സഹോദരന്റെ ടി ബോള്‍ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞതിനുശേഷം മാതാപിതാക്കളോടൊപ്പമാണ് വീട്ടില്‍ എത്തിയത്. കാറില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോള്‍ കുട്ടിയുടെ കാര്യം ഇവര്‍ മറന്നിരിക്കാമെന്നു പോലീസ് വക്താവ് ലെഫ്. ജസി സലോമി അഭിപ്രായപ്പെട്ടു. എത്ര മണിക്കൂര്‍ കുട്ടി കറിനകത്ത് ഇരുന്നിരിക്കാമെന്നു പറയാനാവില്ലെന്നും, ഇതൊരു അപകട മരണമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍