ശ്രീ സെയ്നി മിസ് വേൾഡ് അമേരിക്ക മത്സരത്തിന്
Friday, October 11, 2019 8:56 PM IST
ലാസ്‌വേഗസ്: മിസ്‌ വേൾഡ് അമേരിക്ക 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ് ഇന്ത്യ വേൾഡ് വൈഡ് (2018) സൗന്ദര്യറാണി ശ്രീ സെയ്നി (23) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ അമേരിക്കൻ വംശജർ ലാസ്‌വേഗസിലേക്ക്.

ഒക്ടോബർ 12ന് ലാസ്‌വേഗസിലെ ന്യൂ ഓർലിയൻസ് ഹോട്ടലിലാണു മത്സരം. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് കൊളംബിയായിൽ നിന്നുമുള്ളവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.

വാഷിംഗ്ടൺ സിയാറ്റിൽ നിന്നുള്ള സെയ്നിയെ കൂടാതെ മൻജു ബംഗളൂരു (23), ലോസ് ആഞ്ചലസ് ലേഖാ രവി(26) , മിയാമി ഫ്ലോറിഡാ, ജസ്മിറ്റ ഗോമാൻ (20) ഐഓവ, അമൂല്യ ചാവ(17) കൻസാസ് എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ഇന്ത്യൻ വംശജർ.

12 വയസു മുതൽ ഹൃദയ സംബന്ധമായ തകരാറിന് പേസ് മേക്കർ ഉപയോഗിച്ചു വരുന്ന സെയ്നി, ഒരിക്കൽ പോലും ഡാൻസ് ചെയ്യാൻ കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയതാണ്. ‌പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളോടൊപ്പം ഏഴാം വയസിലാണ് സെയ്നി വാഷിംഗ്ടണിലെത്തുന്നത്. തുടർന്നു ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കി.ഡാൻസിലും അഭിനയത്തിലും പരിശീലനം നേടിയ സെയ്നി പേജന്‍റ് മത്സരങ്ങളിൽ മനോഹരമായി നൃത്തം ചെയ്തിരുന്നു. 2018–ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് , 2017–ൽ മിസ് ഇന്ത്യ യുഎസ്എ ആയും സെയ്നി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ