യുഡിഎഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു
Monday, November 18, 2019 12:39 PM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടും, .യു.എസ്.എയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പോള്‍ പറമ്പിയും അരൂരില്‍ നിന്നു വിജയിച്ച ഷാനിമോള്‍ ഉസ്മാനേയും, എറണാകുളത്തുനിന്നും വിജയിച്ച ടി.ജെ. വിനോദിനേയും, മഞ്ചേശ്വരത്തുനിന്നും വിജയിച്ച എം.സി ഖമറുദിനേയും നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു. നിയമസഭയിലെ സത്യപ്രതിജ്ഞാവേളയില്‍ ലീല മാരേട്ടും, പോള്‍ പറമ്പിയും സന്നിഹിതരായിരുന്നു.

ഷാനിമോള്‍ ഉസ്മാന്റെ അരൂരിലെ വിജയം ഇരട്ടിമധുരമായി. കഴിഞ്ഞ ലോക്‌സഭയിലേക്കുള്ള പരാജയത്തിനുശേഷം കഴിഞ്ഞ 55 വര്‍ഷമായി ഇടതുപക്ഷ കോട്ടയായ അരൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത് തകര്‍പ്പന്‍ വിജയമായി ലീല മാരേട്ട് അഭിപ്രായപ്പെട്ടു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാരേട്ട് സംബന്ധിച്ചത് കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുകയുണ്ടായി. തന്റെ പിതാവായ തോമസ് സാറിന്റെ നാഷണല്‍ കോണ്‍ഗ്രസിനുള്ള സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി.

കോണ്‍ഗ്രസിന്റെ ശക്തമായ രണ്ടു സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെട്ടതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി അടുത്ത നിയമസഭാ ഭരണം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതിനുവേണ്ട എല്ലാ പിന്തുണയും സാമ്പത്തിക സഹായവും ഇന്ത്യന്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം