വേട്ടയാടുന്നതിനിടെ പിതാവിന്‍റെ വെടിയേറ്റു ബാലനു ദാരുണാന്ത്യം; മൂന്നു പേരുടെ ജീവൻ രക്ഷിച്ച് അവയവദാനം
Tuesday, December 3, 2019 8:39 PM IST
സൗത്ത് കരോളൈന: മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിന്‍റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസുകാരനു ദാരുണ അന്ത്യം. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിംഗ് ദിനത്തിൽ സ്പ്രിംഗ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിൽ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കരോളൈന നാച്വറൽ റിസോഴ്സസ് വക്താവ് റോബർട്ട് മെക്വള പറഞ്ഞു.

ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിനു പുറത്തായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റു മരിച്ച ബാലൻ കോൾട്ടൻ വില്യംസ് നാലാം ഗ്രേഡ് വിദ്യാർഥിയായിരുന്നു. വേട്ടയാടുന്നതിൽ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിംഗിനു പോകുക പതിവായിരുന്നു.ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത് - കുടുംബാംഗങ്ങൾ പറഞ്ഞു.

ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതുകൊണ്ടാണ് മൂന്നു കുട്ടികൾക്ക് ലിവർ, കിഡ്നി തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.

വിൽസൻ ബ്ലു ഡെവിൾസ് ജൂണിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.

റിപ്പോർട്ട്: പി.പി. ചെറിയാൻ