ജേഴ്‌സി സിറ്റി വെടിവയ്പ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
Wednesday, December 11, 2019 12:28 PM IST
ജേഴ്‌സി സിറ്റി (ന്യുജഴ്‌സി) : ഡിസംബര്‍ പത്തിനു ചൊവ്വാഴ്ച ഉച്ചയ്ക്ക് ജേഴ്‌സി സിറ്റിയിലുണ്ടായ വെടിവപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു കരുതപ്പെടുന്ന രണ്ടു പ്രതികളും മറ്റു മൂന്നുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ന്യൂജഴ്‌സി സിറ്റിയില്‍ നിരവധി ഗണ്‍ ബാറ്റിലുകള്‍ക്കു നേതൃത്വം വഹിച്ച പരിചയ സമ്പന്നനായ ഓഫീസറാണ് 2006 ല്‍ സര്‍വിസില്‍ ചേര്‍ന്ന കൊല്ലപ്പെട്ട ഡിറ്റക്റ്റീവ് ജോസഫ് സീല്‍ (40). ഭാര്യയും അഞ്ചു കുട്ടികളും ഉള്‍പെടുന്നതാണ് ജോസഫിന്റെ കുടുംബം

ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ വംശജര്‍ ധാരാളമായി താമസിക്കുന്ന നഗരമാണ് ജേഴ്‌സി സിറ്റി. ഉച്ചക്ക് 12.45 നു ആയിരുന്നു സംഭവത്തിന്റെ തുടക്കം. മുന്‍പ് നടന്ന ഒരുകൊലക്കേസില്‍ പിടികിട്ടേണ്ട പ്രതികളെ പോലീസ് ബേ വ്യു സെമിത്തേരിയില്‍ വാടകക്കെടുത്ത വാനില്‍ വച്ച് തിരിച്ചറിഞ്ഞതിനുശേഷം ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്നു പ്രതികള്‍ ഒരു വാനില്‍ കയറി ഒരു മൈല്‍ അകലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഡ്രൈവിലുള്ള ജെ.സി. കോഷര്‍ (യഹൂദ)സൂപ്പര്‍ മാര്‍ക്കറ്റിലെത്തി മാരകശേഷിയുള്ള തോക്കുപയോഗിച്ചു തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു .പോലീസും പ്രതികളും തമ്മില്‍ മിനിറ്റുകളോളം നടത്തി.
.
ജേഴ്‌സി സിറ്റി മേയര്‍ സ്റ്റീവന്‍ ഫലോപ് നടത്തിയ പത്രസമ്മേളനത്തില്‍ ആറുപേരുടേയും മരണം സ്ഥിരീകരിച്ചു. പോലീസ് ഈ ഭാഗത്തേക്കുള്ള റോഡുകളെല്ലാം അടച്ചു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു അവിടെ. പന്ത്രണ്ടോളം സ്‌കൂളുകള്‍ അടച്ച് പൂട്ടി വിദ്യാര്‍ഥികളെ സുരക്ഷിതരാക്കി.ബസ്- ട്രെയിന്‍ സര്‍വീസ് കുറെ നേരം നിര്‍ത്തി വച്ചു.ഇതൊരു ഭീരകരാക്രമണത്തിന്റെ ഭാഗമാണെന്നു കരുതുന്നില്ലെന്ന് മേയര്‍ പറഞ്ഞു . അന്വേഷണം തുടരുമെന്നും മേയര്‍ അറിയിച്ചു. സംഭവത്തില്‍ പ്രസിഡന്റ് ട്രമ്പ് നടുക്കം പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കിയാണെന്നു പ്രസിഡന്റ് പറഞ്ഞു.