മോഷണകുറ്റം ചുമത്തി മുൻ സൗന്ദര്യ റാണിയെ ജയിലിലടച്ചു
Monday, January 13, 2020 9:48 PM IST
ഫ്ലോറിഡാ: മോഷണകുറ്റം ചുമത്തി മുൻ സൗന്ദര്യ റാണിയെ ജയിലിലടച്ചു. പ്രായമായ മാതാവിന്‍റെ സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ നഴ്സിംഗ് ഹോമിലെ ചികിത്സക്ക് നൽകാതെ സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചതിനാണ് 2016 ലെ മിസ് ഫ്ലോറിഡാ കാരിൻ ടർക്കിനെ ജയിലിലടയ്ക്കാൻ വെസ്റ്റ് ഫാം ബീച്ച് ഫെഡറൽ ജഡ്ജി ഉത്തരവിട്ടത്.

മാർച്ച് രണ്ടിന് ജയിലിൽ ഹാജരാകണമെന്നും, ഒരു മാസത്തെ ജയിൽ ശിക്ഷയ്ക്കുശേഷം നൂറു മണിക്കൂർ നാഴ്സിംഗ് ഹോമിൽ കമ്യൂണിറ്റിവർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന മാതാവിനു സമീപം സമയം ചെലവഴിക്കാതിരുന്നതിനാണ് ഈ ശിക്ഷ നൽകുന്നതെന്നും കോടതി ചൂണ്ടികാട്ടി. കൂടാതെ 46,000 ഡോളർ കോടതിയിൽ അടയ്ക്കാനും ഉത്തരവിൽ പറയുന്നു.ഫെഡറൽ ഗവൺമെന്‍റ് പണം മോഷ്ടിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് ആകണമെന്നാണ് വിധിന്യായത്തിൽ ജഡ്ജി ചൂണ്ടിക്കാട്ടിയത്.

നഴ്സിംഗ്ഹോമിൽ കഴിഞ്ഞിരുന്ന മാതാവിന്‍റെ ചികിത്സാ ചെലവുകൾക്കായി വേണ്ടി വന്ന 219000 ഡോളറിന്‍റെ ഒരശം അടയ്ക്കുന്നതിന് നഴ്സിംഗ് ഹോം കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് 250 ഡോളർ വീതം മാസം അടയ്ക്കണമെന്നു മകളോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ഈ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി.കാരിന്‍റെ സമൂഹത്തിലെ സ്ഥാനവും രാഷ്ട്രീയ ബിസിനസ് രംഗത്തെ റപ്പ്യൂട്ടേഷനും പരിഗണിച്ചു ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിയുടെ അറ്റോർണി നൽകിയ അപേക്ഷ കോടതി തള്ളികളഞ്ഞു. മോഷ്ടിച്ച പണം മുഴുവനും തിരിച്ചടയ്ക്കാമെന്ന അപേക്ഷയും കോടതി പരിഗണിച്ചില്ല. ഫെഡറൽ പണം മോഷ്ടിക്കുന്നവരെ വിശ്വസ്ത മനുഷ്യരായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ