ട്രം‌പിന്‍റെ വ്യാജ സന്ദേശങ്ങള്‍ "വര്‍ഗീയതയും വിദ്വേഷവും' പ്രോത്സാഹിപ്പിക്കുന്നുവെന്നു ആരോപണം
Wednesday, January 15, 2020 6:33 PM IST
കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ ഒരു സിഖ് ഗുരുദ്വാരയില്‍ "വെളുത്ത മേധാവിത്വവും നവ നാസി ഗ്രാഫിറ്റി'യും സ്പ്രേ ചെയ്ത് 'വര്‍ഗീയ വിദ്വേഷം' പ്രോത്സാഹിപ്പിച്ചതിന് കാരണക്കാരന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണെന്ന് ആരോപണം.

ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റര്‍ ചക് ഷൂമര്‍ എന്നിവര്‍ ഹിജാബും തലപ്പാവും ധരിച്ച് ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ നില്‍ക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം റീട്വീറ്റ് ചെയ്തതിന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സിന്‍റെ (സിഎഐആര്‍) സാക്രമെന്റോ വാലി ട്രം‌പിനെ വിമര്‍ശിച്ചിരുന്നു.

മറ്റൊരു അക്കൗണ്ടില്‍ നിന്ന് "വൈറ്റ് പവര്‍' എന്ന ചിത്രം ട്രംപ് റീട്വീറ്റ് ചെയ്തു മണിക്കൂറുകള്‍ക്കുശേഷം ഓറഞ്ച്‌വെയിലിലെ ഗുരു മാനിയോ ഗ്രന്ഥ് ഗുരുദ്വാര സാഹിബ് സിഖ് സെന്‍ററിനു മുന്നില്‍ ഒരു സ്വസ്തിക ചിഹ്നവും 'വൈറ്റ് പവര്‍' എന്നും സ്പ്രേ പെയിന്‍റ് ചെയ്തതായി കണ്ടെത്തി.

ട്രംപിന്‍റെ ഇസ് ലാം പരിഹാസം അമേരിക്കന്‍ മുസ് ലിംകളുടെയും സിഖ് സമുദായത്തിലുള്ളവരുടെയും ജീവിതത്തെ കൂടുതല്‍ അപകടത്തിലാക്കുമെന്ന് യുഎസിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ ഗ്രൂപ്പായ സിഎഐആര്‍ പറഞ്ഞു. പരമ്പരാഗത മതവസ്ത്രം ധരിക്കുന്ന സിഖ് പുരുഷന്മാര്‍ പലപ്പോഴും മുസ് ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വര്‍ഗീയ വാദികളെയാണ് ലക്ഷ്യമിടുന്നതെന്ന് സി.എ.ഐ.ആര്‍ അഭിപ്രായപ്പെട്ടു.

'വ്യാജ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്ത് ട്രംപ് രാജ്യത്താകമാനം മുഴുവന്‍ സമുദായങ്ങളേയും അപകടത്തിലാക്കുന്നു,' സി.എ.ഐ.ആര്‍ സാക്രമെന്റോ വാലി/സെന്‍‌ട്രല്‍ കലിഫോര്‍ണിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാസിം എല്‍കറ പ്രസ്താവനയില്‍ പറഞ്ഞു.

'യുഎസില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ ആക്രമണങ്ങളുടെ ഇരകളായ മുസ് ലിം, സിഖ് മതവിഭാഗങ്ങളോടൊപ്പം ഇപ്പോള്‍ ജൂത സമൂഹവും ഉള്‍പ്പെടുന്നു. ഈ മൂന്നു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കെതിരെ വര്‍ഗീയതയും വിദ്വേഷവും പ്രകടിപ്പിക്കുന്നത് രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്ന പണിയല്ല. ഇത് പരിധി വിട്ടു കഴിഞ്ഞു. ഇനി ഇതാവര്‍ത്തിക്കാന്‍ സമ്മതിക്കില്ല,' ബാസിം എല്‍കറ പ്രസ്താവിച്ചു.

തിങ്കളാഴ്ച രാവിലെയാണ് തീവ്ര വലതു ഗ്രാഫിറ്റി ഓറഞ്ച്‌വെയിലിലെ ഗുരു മാനിയോ ഗ്രന്ഥ് ഗുരുദ്വാര സാഹിബ് സിക്ക് സെന്‍ററിനു മുന്നില്‍ സിക്ക് സമുദായത്തിലെ അംഗങ്ങള്‍ കണ്ടെത്തിയത്.

'ഞങ്ങളുടേത് സമാധാനകാംക്ഷികളുടെ മതമാണ്,' ഗ്രാഫിറ്റി കണ്ടെത്തിയ ഡിംപിള്‍ ഭുള്ളര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു . 'ഞങ്ങള്‍ എല്ലാ മതങ്ങളെയും തുല്യരായി അംഗീകരിക്കുകയും, മറ്റു മതങ്ങളില്‍ നിന്നുള്ള ബഹുമാനം ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ ആരാധനാലയങ്ങളിലും ഞങ്ങളത് പ്രതീക്ഷിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സിക്ക് അമേരിക്കക്കാര്‍ ഉള്ളത് കലിഫോര്‍ണിയയിലാണ്. എന്നിട്ടും സംസ്ഥാനത്തൊട്ടാകെയുള്ള സിക്കുകാര്‍ വര്‍ഷങ്ങളായി വംശീയ വിദ്വേഷ അക്രമങ്ങള്‍ നേരിടുന്നുണ്ട്. 2018-ല്‍ ട്രേസിയില്‍ പാംജിത് സിംഗിനെ ആക്രമിച്ചതുള്‍പ്പടെ 2018-ല്‍ തന്നെ മന്റേക്കയില്‍ സാഹിബ് സിംഗ്, 2016 ല്‍ റിച്ച്മണ്ടില്‍ മാന്‍ സിംഗ് ഖല്‍സ എന്നിവരൊക്കെ വംശീയാക്രമണം നേരിട്ടവരാണ്. ഇതിനു പുറമെ, വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള എഫ്ബിഐയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2017 നെ അപേക്ഷിച്ച് അമേരിക്കയില്‍ സിക്ക് വിരുദ്ധ അതിക്രമങ്ങളില്‍ 200 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവണത സിക്ക് വിരുദ്ധ അക്രമത്തെയും വര്‍ഗീയതയെയും അവസാനിപ്പിക്കാന്‍ അടിയന്തരമായി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അടിവരയിട്ടു പറയുന്നു.'സിക്ക് കോളിഷന്‍ തിങ്ക് ടാങ്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ