സുഹാസ് സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്തു
Friday, January 17, 2020 9:20 PM IST
വെർജിനിയ: വെർജിനിയ സംസ്ഥാന നിയമ സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഹിന്ദു - അമേരിക്കൻ സുഹാസ് സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്തു. ഹൗസ് ഡെലിഗേറ്റ് ക്ലാർക്ക് സുസറ്റ് ഡെൻസ്ലൊയുടെ മുമ്പാകെയാണ് സുഹാസ് സത്യ പ്രതിജ്ഞ ചെയ്തത്. വെർജിനിയ ഡിസ്ട്രിക്ട് 87- ൽ നിന്നാണ് സുബ്രഹ്മണ്യൻ തെരഞ്ഞെടുക്കപ്പെട്ടത്.

വെർജിനിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കൻ എന്നല്ല ആദ്യ ഹിന്ദു അമേരിക്കൻ എന്നറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം സുഹാസ് പറഞ്ഞു. ഹിന്ദു അമേരിക്കൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്താണെന്ന ചോദ്യത്തിന് ഞാൻ മത്സരിച്ച മണ്ഡലത്തിൽ കൂടുതൽ ഹിന്ദുക്കളാണെന്നും ഹിന്ദുയിസം എല്ലാ മതവിശ്വാസങ്ങളെയും ഒരുപോലെ അംഗീകരിക്കുന്നുണ്ടെന്നും സുഹാസ് പറഞ്ഞു. സുബ്രഹ്മണ്യന്‍റെ ട്വിറ്ററിലാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകിയിട്ടുള്ളത്.

വൈറ്റ് ഹൗസ് ടെക്നോളജി പോളസി അഡ്വൈസറായിരുന്ന ഇദ്ദേഹം, ഡമോക്രാറ്റിക്ക് ടിക്കറ്റിലാണ് മത്സരിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ബിൽ ഡ്രെണ്ണന് 37.9 ശതമാനം വോട്ടു ലഭിച്ചപ്പോൾ സുബ്രഹ്മണ്യന് 62 ശതമാനം വോട്ടു നേടാനായി. 2022 ജനുവരി 12 വരെയാണ് സുഹാസിന്‍റെ കാലാവധി.

റിപ്പോർട്ട്: പി.പി. ചെറിയാൻ