ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി പെന്‍റഗണ്‍
Saturday, January 25, 2020 4:02 PM IST
വാഷിംഗ്ടണ്‍: ഇറാഖ് വ്യോമതാവളത്തിനു നേരെ ഈ മാസം നടന്ന ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് ഹൃദയാഘാതമുണ്ടായതായും തലച്ചോറിന് പരിക്കേറ്റതായും പെന്‍റഗണ്‍. പകുതി സൈനികരും ഡ്യൂട്ടിയില്‍ തിരിച്ചെത്തി. 34 പേരില്‍ 17 പേരും ഇപ്പോഴും മെഡിക്കല്‍ നിരീക്ഷണത്തിലാണെന്ന് പെന്‍റഗണ്‍ ചീഫ് വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു.

പരിക്കേറ്റ 34 പേരില്‍ 18 പേരെ ഇറാഖില്‍ നിന്ന് ജര്‍മനിയിലെയും കുവൈത്തിലെയും യുഎസ് മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും 16 പേര്‍ ഇറാഖില്‍ തന്നെ താമസിച്ചതായും ഹോഫ്മാന്‍ പറഞ്ഞു.

ജനുവരി എട്ടിനു നടന്ന ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് തന്നോടു പറഞ്ഞതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തുടക്കത്തില്‍ പറഞ്ഞിരുന്നു. ആക്രമണം നടന്നയുടനെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില കേസുകളില്‍ ദിവസങ്ങള്‍ക്കുശേഷം വിവരങ്ങള്‍ അറിയാമെന്നും സൈന്യം അറിയിച്ചു. ചില സൈനികര്‍ക്ക് പരിക്കേറ്റുവെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്കു ശേഷം ട്രംപ് അവര്‍ക്ക് 'തലവേദന' യാണെന്നും ഗുരുതര പരിക്കുകളില്ലെന്നും പറഞ്ഞിരുന്നു.

പടിഞ്ഞാറന്‍ ഇറാഖിലെ എന്‍ അല്‍ ആസാദ് വ്യോമതാവളത്തിനുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടാണ് 34 പേര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതെന്ന് ഹോഫ്മാന്‍റെ വെളിപ്പെടുത്തൽ.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ