അറ്റ്ലാന്‍റായിൽ ഗ്ലോബൽ മാർത്തോമ സംഗമം ജൂലൈ 2 , 3, 4, 5 തീയതികളിൽ
Friday, February 14, 2020 7:38 PM IST
ന്യുയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ജൂലൈ 2, 3, 4, 5 ( വ്യാഴം , വെള്ളി, ശനി, ഞായർ) തീയതികളിൽ 33 - മത് ഫാമിലി കോൺഫറൻസ് ഗ്ലോബൽ മാർത്തോമ സംഗമം അറ്റ്ലാന്‍റയിലെ കർമൽ മാർത്തോമ സെന്‍ററിൽ നടക്കും.

മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഭദ്രാസനാധ്യക്ഷൻ ഡോ.ഐസക് മാർ ഫിലക്സിനോസ് എന്നിവരെ കൂടാതെ കോട്ടയം മാർത്തോമ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ.പ്രകാശ് കെ.ജോർജ് , ഗോരഗോൺ സെന്‍റ് ജോൺ സ്കൂൾ പ്രിൻസിപ്പൽ റവ.ഈപ്പൻ വർഗീസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

"നിങ്ങൾ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ അതു നിങ്ങൾക്ക് കിട്ടും' എന്ന ബൈബിൾ വാക്യത്തെ ആധാരമാക്കി Living Christ, Leaping in Faith എന്നതാണ് കോൺഫൻസിന്‍റെ മുഖ്യ ചിന്താവിഷയം.

അറ്റ്ലാന്‍റയിലുള്ള ഹിൽട്ടൺ, ഹോളിഡേ ഇൻ, കംഫോർട്ട് സ്യുട്ട്സ് എന്നീ ഹോട്ടലുകളിൽ ആണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 100 ഡോളറും കോൺഫറൻസ് ഫീസ് 100 ഡോളറും ആണ്. മാർച്ച് 31ന് രജിസ്ട്രേഷൻ കാലാവധി അവസാനിക്കും.

യുഎസ്എ, കാനഡ ഒഴിച്ചുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന പ്രതിനിധികൾക്ക് രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതി എന്ന് സംഘാടകർ അറിയിച്ചു.

കോൺഫ്രറൻസിന് വിദേശത്തു നിന്നും ഭദ്രാസനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ജനറൽ കൺവീനർ പ്രഫ. ഡോ.ജോഷി ജേക്കബ്, വൈസ്. പ്രസിഡന്‍റ് റവ.അജു എബ്രഹാം, രജിസ്ട്രേഷൻ കൺവീനർ മാത്യൂസ് അത്യാൽ, ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: mtcgfc2020.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ഷാജി രാമപുരം