ഫൊക്കാനയുടെ സ്വപ്‌ന വീടുകൾ യാഥാർഥ്യമാകുന്നു
Friday, February 21, 2020 8:31 PM IST
ന്യൂജേഴ്‌സി: ഫൊക്കാനയുടെയും കേരള സർക്കാരിന്‍റെ ഭവനം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കുവേണ്ടി നിർമിക്കുന്ന വീടുകളുടെ ഔദ്യോഗികമായ നിർമാണോദ്‌ഘാടനം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിച്ചു.

ഫെബ്രുവരി 19 നു വൈകുന്നേരം കൂവക്കാട് കുളത്തുപ്പുഴയിലുള്ള എസ്റ്റേറ്റ് മൈതാനിയിൽ നടന്ന ചടങ്ങിൽ എം.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാഥിതിയായിരുന്നു. വനം മന്ത്രി പി. രാജു അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, പഞ്ചായത്ത് അംഗങ്ങൾ, സംസ്ഥാന തൊഴിൽ- ഭവന നിർമാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഫൊക്കാനയെ പ്രതിനിധീകരിച്ച് സീനിയർ ഫൊക്കാന നേതാക്കന്മാരായ ടി.എസ്. ചാക്കോ, അലക്സ് മുരിക്കാനി തുടങ്ങിയവരും പങ്കെടുത്തു.

ആർപിഎല്ലിന്‍റെ ഉടമസ്ഥതയിലുള്ള കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം,ആലുംപൊയ്ക എന്നീ സ്ഥലങ്ങളിലാണ് ഫൊക്കാനയും കേരള സർക്കാരിന്‍റെ ഭവനം പദ്ധതിയായ ഭവനം ഫൗണ്ടേഷൻ ഓഫ് കേരളയും (ബിഎഫ്കെ) ചേർന്ന് കഴിഞ്ഞ മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികൾക്കായി വീടുകൾ നിർമിച്ചുനൽകുന്നത്. ബിഎഫ്കെയുടെ സഹകരണത്തോടെ ഫൊക്കാന ഭവനരഹിതരായ 100 തോട്ടം തൊഴിലാളികൾക്കാണ് വീടു നിർമിച്ചു നൽകുന്നതെന്ന് കോഓർഡിനേറ്റർ ആയ ഫൊക്കാന നാഷണൽ ട്രഷറർ സജിമോൻ ആന്‍റണി പറഞ്ഞു. കഴിഞ്ഞ വര്ഷം ആരംഭിച്ച പദ്ധതിയിൽ ഇതിനകം 10 വീടുകൾ നിർമിച്ചു നൽകി താക്കോൽ ദാനവും നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 40 വീടുകളുടെ ഔപചാരിക ഉദ്‌ഘാടനം മാത്രമാണ് നടന്നത്. ഇതിനകം മറ്റൊരു 40 വീടുകൾ നിർമിക്കാൻ സ്പോൺസർമാരെ കണ്ടെത്തിക്കഴിഞ്ഞതായും ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി.നായർ,സെക്രട്ടറി ടോമി കൊക്കാട്, ട്രഷററും പദ്ധതിയുടെ കോർഡിനേറ്ററുമായ സജിമോൻ ആന്‍റണി എന്നിവർ പറഞ്ഞു.

കൂടുതൽ സ്‌പോൺസർമാർ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കി ഫൊക്കാനയുടെ ചരിത്രത്തിൽ പുതിയ ഏടുകൂടി എഴുതിച്ചേർക്കാൻ കഴിയുമെന്നും സജിമോൻ ആന്‍റണിയും ഫൊക്കാന അസോസിയേറ്റ് ട്രഷററുമായ പ്രവീൺ തോമസും പ്രത്യാശ പ്രകടിപ്പിച്ചു.

മാധവൻ ബി. നായർ (ഫൊക്കാന പ്രസിഡന്‍റ്), ടോമി കൊക്കാട് (ഫൊക്കാന സെക്രട്ടറി),സജിമോൻ ആന്‍റണി,( ഫൊക്കാന ട്രഷറർ ആൻഡ് ഭവനം പ്രോജക്റ്റ് കോർഡിനേറ്റർ ),പ്രവീൺ തോമസ് (ഫൊക്കാന അസോസിയേറ്റ് ട്രഷറർ),മാമ്മൻ സി ജേക്കബ് (ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ), ഫിലിപ്പോസ് ഫിലിപ്പ് ( (ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയർമാൻ), ഡോ.ബാബു സ്റ്റീഫൻ (ഫൊക്കാന വാഷിംഗ്ടൺ റീജിയണൽ വൈസ് പ്രസിഡന്‍റ് ആൻഡ് കൺവൻഷൻ ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ),പോൾ കറുകപ്പള്ളിൽ (ഫൊക്കാന മുൻ പ്രസിഡന്‍റ് ആൻഡ് കൺവൻഷൻ കോർഡിനേറ്റർ), ജോൺ പി ജോൺ,മറിയാമ്മ പിള്ള,ജി. കെ.പിള്ള (ഫൊക്കാന മുൻ പ്രസിഡന്‍റുമാർ), ജോയ് ഇട്ടൻ ( ഫൊക്കാന നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ), ബാബു ജോസഫ്, ജോസഫ് ചെറിയാൻ (മോർട്‌ഗേജ് കൺസൾട്ടന്‍റുമാർ),കോശി കുരുവിള (കേരള കൾച്ചറൽ ഫോറം പ്രസിഡന്‍റ്, കെസിഎഫ് ന്യൂജേഴ്‌സി), ജോർജി വർഗീസ് (കേരള കൺവെൻഷൻ ചെയർമാൻ ഫ്ലോറിഡ), ബൈജു പകലോമറ്റം ( നയാഗ്ര ഫോൾസ്),വർഗീസ് ജേക്കബ്(ഫ്ലോറിഡ) ബെന്നി ലൂക്കോസ് (ന്യൂജേഴ്‌സി), മേരിക്കുട്ടി മൈക്കിൾ (ന്യൂയോർക്ക്) എബ്രഹാം ഫിലിപ്പ് (ഷിക്കാഗോ) എന്നിവർക്ക് പുറമെ അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകളായ കൈരളി ആർട്സ് ക്ലബ് (ഫ്ലോറിഡ), വനിത (കലിഫോർണിയ), മങ്ക (മലയാളി അസോസിയേഷൻ ഓഫ് കാലിഫോർണിയ),കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, നയാഗ്ര മലയാളി സമാജം (കാനഡ), മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച് ) എന്നീ വ്യക്തികളും സംഘടകളുമാണ് ഇതിനകം പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്.

ഇതിൽ പല വ്യക്തികളും സംഘടനകളും ഒന്നിലേറെ വീടുകളുടെ സ്പോൺസർമാരാണ്. കൂടുതൽ വ്യക്തികളും സംഘടനകളും തോട്ടം തൊഴിലാളികൾക്ക് 100 വീടുകൾ എന്ന ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മഹനീയമായ കാരുണ്യപ്രവർത്തനത്തിൽ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ കോർഡിനേറ്റർ സജിമോൻ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പദ്ധതിയുമായി സഹകരിച്ച എല്ലാ സുമനസുകൾക്കും സംഘടനകൾക്കും സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

വിവരങ്ങൾക്ക്: സജിമോൻ ആന്‍റണി 862-438 -2361, ഇമെയിൽ: [email protected]

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ