സൗത്ത് വെസ്റ്റ് എയർലൈൻസ് ആയിരം ദിവസ സർവീസുകൾ റദ്ദാക്കി
Monday, March 23, 2020 7:49 PM IST
ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയർലൈൻസ് മാർച്ച് 22 മുതൽ ദിവസേനയുള്ള ആയിരം സർവീസുകൾ റദ്ദാക്കി. നാലായിരത്തിലധികം സർവീസുള്ള എയർ ലൈൻസിന്‍റെ 25 ശതമാനം ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ കുറവാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ നിർബന്ധമാക്കിയത്. ഏപ്രിൽ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.

അന്തർദ്ദേശീയ തലത്തിലുള്ള വിമാന സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്. 170 അന്തർദ്ദേശീയ സർവീസുകളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദ്ദേശം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ