മിഷിഗണിൽ സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ
Saturday, March 28, 2020 9:37 AM IST
ഡിട്രോയിറ്റ്: കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമര്‍ന്ന് മിഷിഗണില്‍ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം സ്കൂളുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നു മേയര്‍ വിറ്റ്മര്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളുടെ പഠനസമ്പ്രദായത്തില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് അവരുടെ പഠനം ഈവര്‍ഷം എങ്ങനെ പൂര്‍ത്തിയാക്കാം എന്നു ചിന്തിക്കുകയാണ് അധികൃതര്‍.

മിഷിഗണ്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്‍റ്, സ്റ്റേറ്റ് ലെജിസ്ലേച്ചര്‍, സ്കൂള്‍ സൂപ്രണ്ടുമാര്‍, അധ്യാപകര്‍ എന്നിവരുടെ യോഗങ്ങൾ മേയറുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ജനങ്ങളുടെ ആരോഗ്യവും സംരക്ഷണവുമാണ് പ്രധാനം എന്നതിനാൽ സ്കൂളുകള്‍ ഇപ്പോള്‍ തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മേയര്‍ അറിയിച്ചു. കുട്ടികളുടെ മാനസികവും ഒപ്പം പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനു ഉടന്‍തന്നെ പരിഹാരം കണ്ടെത്തുമെന്നും മേയര്‍ വിറ്റ്മര്‍ അറിയിച്ചു. മിഷിഗണിലെ പല സ്കൂളുകളും യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ പഠനപദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ കഴിയുമെന്നും മേയര്‍ അറിയിച്ചു.

റിപ്പോർട്ട്: അലൻ ജോൺ