ന്യൂയോർക്കിൽ ഡിസ്ചാർജ് ചെയ്ത കൊറോണ ബാധിതയായ വൃദ്ധ വീട്ടിലെത്തുംമുന്പേ മരിച്ചു
Monday, March 30, 2020 6:01 PM IST
ക്വീൻസ്, ന്യൂയോര്‍ക്ക്: കൊറോണ വാധിതയായ 71 കാരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം വീട്ടിലെത്തുംമുന്പേ മരിച്ചുവെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കരോലിന്‍ ഫ്രേസിയര്‍ എന്ന 71-കാരിയെയാണ് ന്യൂയോര്‍ക്ക് പ്രെസ്ബൈറ്റീരിയന്‍ ക്വീന്‍സ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10 ന് ഡിസ്ചാര്‍ജ് ചെയ്തത്. കൊറോണ വൈറസ് ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും ഫ്രേസിയറിനെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു എന്ന് വൃത്തങ്ങള്‍ പറഞ്ഞു. തുടർന്നു ഒരു സ്വകാര്യ ആംബുലന്‍സില്‍ അവരെ ഫ്ലഷിംഗിലെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയെങ്കിലും വീട്ടില്‍ എത്തുന്നതിനു മുന്‍പേ മരിച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഫ്രേസിയറിനെ ആശുപത്രി വിടാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണത്തില്‍ ദുരൂഹതയൊന്നും സംശയിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ