കറുത്ത വർഗക്കാരന്‍റെ കൊലപാതകം; ഡാളസിൽ പരക്കെ ആക്രമണം, അനിശ്ചിതകാല കർഫ്യൂ
Monday, June 1, 2020 8:24 PM IST
ഡാളസ്: മിനിയാപോളിസിൽ കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചു വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയ പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും നൂറു കണക്കിനാളുകളെ അറസ്റ്റു ചെയ്തു ജയിലിലടക്കുകയും ചെയ്തു. ഗതാഗത തടസം സൃഷ്ടിച്ചു ജനങ്ങൾ റോഡുകളിൽ നിലയുറപ്പിക്കുകയും ചെയ്തു.

ഡാളസിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഡാളസ് കൗണ്ടി ജയിലിനു മുമ്പിലും ഡാളസ് ഡൗൺ ടൗണിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

പൗരന്മാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നത് ഗവൺമെന്‍റിന്‍റെ ഉത്തരവാദിത്വമാണെന്നും ഡാളസ് കൗണ്ടിയുടെ പ്രധാന കേന്ദ്രങ്ങളായ ഡൗൺ ടൗൺ, സിഡാർ, ഡീപ് ഈലം, അപ് ടൗൺ, വിക്ടറി പാർക്ക് എന്നിവിടങ്ങളിൽ നൈറ്റ് കർഫ്യു ഏർപ്പെടുത്തുകയാണെന്ന് ഡാളസ് പോലീസ് ചീഫ് റിനെ ഹാൾ പ്രഖ്യാപിച്ചു. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് കർഫ്യു. ജൂൺ 7 വരെ കർഫ്യു തുടരുമെന്നും ചീഫ് പറഞ്ഞു.

ടെക്സസ് ഗവർണർ എല്ലാ കൗണ്ടികളിലും ഡിസാസ്റ്റർ ഡിക്ലറേഷൻ നടത്തി.ഫെഡറൽ ലൊ എൻഫോഴ്സ്മെന്‍റ്, പീസ് ഓഫിസേഴ്സായി പ്രവർത്തിക്കുവാൻ അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് ഡിസാസ്റ്റർ ഡിക്ലറേഷൻ എന്ന് ഗവർണർ ഏബട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ