ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഡ്യം
Friday, June 5, 2020 4:40 PM IST
ഫിനിക്സ് :കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ശശികല ടീച്ചറുടെ നേതൃത്വത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

ഭക്തരുടെ വികാരങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് ക്ഷേത്രത്തിലെ പുരാവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അമൂല്യങ്ങളായ ജംഗമ വസ്തുക്കള്‍ വിറ്റ് കാശാക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഭക്തര്‍ നടയ്ക്കു വച്ച വിളക്കുകളുടെയും, പൂജാ പാത്രങ്ങളുടേയും ഒക്കെ വില്‍പ്പനയുടെ മറവിലാണ് ഇത് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം ക്ഷേത്രഭൂമി പാട്ടത്തിന് കൊടുക്കാനും ഭക്തജനങ്ങളോട് ആലോചിക്കാതെ ക്ഷേത്രവരുമാനം മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കാനും തയാറായിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ഭരണ നിയന്ത്രണം ഭക്തജനങ്ങളുടെ കൈകളില്‍ തന്നെയാകണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്‍റ് ഡോ.സതീഷ് അമ്പാടി പറഞ്ഞു

കോവിഡിന്‍റെ മറവില്‍ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന ഈ കൊള്ളരുതായ്മകളെക്കുറിച്ചു അമേരിക്കയിലെ ഹിന്ദുക്കളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍വേണ്ടി ശശികല ടീച്ചറുമായി കെ എച്ച് എന്‍ എ വെബിനാര്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ നിയമ വഴികളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശശികല ടീച്ചര്‍ സദസ്യരെ അറിയിച്ചു. വഖഫ് ബോര്‍ഡിന് ഉള്ളതു പോലെ ദേവസ്വം ബോര്‍ഡിലും ഭക്തജനങ്ങളുടേയും ഹിന്ദു സമൂഹത്തിന്‍റേയും ശരിയായ പ്രതിനിധ്യം ഉണ്ടാവേണ്ടതുണ്ട്. ദാരിദ്ര്യം കൊണ്ടും മറ്റും നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കാനും പാവപ്പെട്ട ഹിന്ദു കുടുംബങ്ങളിലെ കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഹിന്ദു കുടുംബങ്ങളില്‍ വ്യാപകമായി നടക്കുന്ന ആത്മഹത്യ പോലുള്ള ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയേണ്ടതുണ്ടെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.