ജസ്റ്റീസ് വിജയ ശങ്കറിനെ വാഷിംഗ്ടൺ അപ്പീൽ കോർട്ട് ജഡ്ജിയായി ട്രംപ് നോമിനേറ്റു ചെയ്തു
Saturday, June 27, 2020 8:29 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ജസ്റ്റീസ് ഒഫിഷ്യൽ വിജയ ശങ്കറിനെ വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയായി പ്രസിഡന്‍റ് ട്രംപ് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ച വിജ്ഞാപനം ജൂൺ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.

ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് അപ്പലേറ്റ് സെക്ഷൻ ഓഫ് ക്രിമിനൽ ഡിവിഷൻ ഡെപ്യൂട്ടി ചീഫാണ് ഇപ്പോൾ വിജയശങ്കർ. രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതിയിലേക്ക് വിജയ ശങ്കറിന്‍റെ 15 വർഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റിൽ ചേരുന്നതിനു മുമ്പു വാഷിംഗ്ടൺ ഡിസിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു വിജയശങ്കർ. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും വെർജീനിയ യൂണിവേഴ്സിറ്റി ലൊ സ്കൂളിൽ നിന്നും ജെഡിയും (JURIS DOCTOR) കരസ്ഥമാക്കിയ ശേഷം വെർജീനിയ ലൊ റിവ്യുവിൽ നോട്ട്സ് എഡിറ്ററായിരുന്നു.

അമേരിക്കൻ യൂണിവേഴ്സിറ്റി വാഷിംഗ്ടൺ കോളജ് ഓഫ് ലൊയിൽ അസോസിയേറ്റ് പ്രഫസറായും വിജയ ശങ്കർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വിശിഷ്ട സേവനത്തിന് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് സ്പെഷൽ അച്ചീവ്മെന്‍റ് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് വിജയ ശങ്കർ അർഹനായിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ