ടെക്‌സസില്‍ വരുന്ന മൂന്നാഴ്ച കോവിഡിന്‍റെ ഭീകര വര്‍ധനവ് പ്രതീക്ഷിക്കുന്നതായി മേയര്‍
Saturday, July 4, 2020 12:22 PM IST
ഹൂസ്റ്റൻ: വരുന്ന മൂന്നാഴ്ച ടെക്സസ് പ്രത്യേകിച്ച് ഹ്യുസ്റ്റൺ പ്രദേശങ്ങളിൽ കോവിഡിന്‍റെ അതിഭീകരമായ വർധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൂസ്റ്റൻ മേയർ സിൽ‌വെസ്റ്റർ ടർണർ അറിയിച്ചു.

ഹാരിസ് കൗണ്ടിയിലും, ഹൂസ്റ്റൺ നഗരത്തിലും ഇന്നലെ ലഭിച്ച കണക്കുകൾ പ്രകാരം 21,462 പോസിറ്റീവ് കോവിഡ്-19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 384 ആയി ഉയർന്നുവെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പറയുന്നു. നിലവിൽ കൗണ്ടിയുടെ കോവിഡ് ഭീഷണി നില, ലെവൽ 1 അഥവാ റെഡ് സോണിൽ ആണ്.

ആകെ 1330 കിടക്കകളാണ് ടെക്സസ് മെഡി സെന്‍റർ ഐസിയു വിലുള്ളത്. അതിൽ 855 മറ്റു രോഗികളും ഇപ്പോൾ 512 കോവിഡ്-19 രോഗികളും വന്നപ്പോൾ തന്നെ ഐസിയു പരമാവധി ശേഷി കവിഞ്ഞു നിൽക്കുകയാണ് എന്ന് ടി എം സി വെബ്സൈറ്റ് സ്ഥിരീകരിച്ചു.

മെഡ് / സർജ് വിഭാഗങ്ങളിൽ ഇനി 2600 ബഡുകൾ മാത്രമേ ഒഴുവുള്ളു അത് ഏതാനം ദിവസം കൊണ്ട് നിറയുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ന്യുയോർക്ക്/ ഇറ്റലി പോലെ ക്രമാതീതമായി ഉയരുന്ന മരണനിരക്ക് ഇപ്പോൾ ഇല്ലാത്തതു ഒരു ആശ്വാസമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മെഡിക്കൽ സെന്റർ ജീവനക്കാരൻ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ ടെക്സാസ് ഗവർണറുടെ പുതിയ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. ഇപ്പോൾ, 10 വയസിനു മുകളിലുള്ള എല്ലാവരും പൊതുസ്ഥലങ്ങളിൽ വായി മാസ്ക് ധരിക്കണം. ജൂൺ 26 വെള്ളിയാഴ്ച, ഗവർണർ അബോട്ട് ബാറുകൾ അടയ്ക്കണമെന്നും റെസ്റ്റോറന്റുകൾ 50 ശതമാനം ശേഷി കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും, 100 ആളുകളുടെ ഒത്തുചേരലിന് പ്രത്യേക അനുമതി ആവശ്യമാണെന്നും റാഫ്റ്റിംഗ്, ട്യൂബിംഗ് ബിസിനസുകൾ അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ആദ്യമായി ടെക്സസിലെ പുതിയ കൗണ്ടികളിലേക്ക് വൈറസ് പടർന്നു. 254 കൗണ്ടികളിൽ 246 കൗണ്ടികളിലും ഇപ്പോൾ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 183,522 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹാരിസ് കൗണ്ടിയിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. (34,108). അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വാരാന്ത്യത്തിൽ (ജൂലൈ 4) ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തു നിന്നും വന്നിട്ടുള്ളതു. ഇന്നത്തെ ഹൂസ്റ്റൺ ക്രോണിക്കൽ ആദ്യപേജിൽ തന്നെ "സ്റ്റേ അറ്റ് ഹോം ദിസ് ജൂലൈ ഫോർത്ത് വീക്കെൻഡ്" എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യുമ്പോൾ ടെക്സാസ് കോവിഡ്-19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. 7343 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 190,387. 36 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ അകെ മരിച്ചവർ 2,621. ഡാളസ് കൗണ്ടിയിൽ 23,675 കേസുകളും 393 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചു വ്യക്തി ശുചിത്വവും പാലിക്കുകയാണെങ്കിൽ വ്യാപനത്തിന്റെ ക്രമാതീതമായ വർദ്ധനവ് ഒഴിവാക്കാം. എങ്കിലും ആളുകൾ ജാഗ്രത പാലിക്കണം എന്ന് ഈ മേഖലയിലുള്ള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: അജു വാരിക്കാട്