ടെക്സസിൽ കോവിഡ് മരണം 8000 കവിഞ്ഞു
Saturday, August 8, 2020 6:20 PM IST
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവിഡ് മരണം 8000 കവിഞ്ഞതായി ആരോഗ്യ വിഭാഗം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. വെള്ളിയാഴ്ച മാത്രം 293 പേർ മരിച്ചു. 7039 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 47,4524 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ കലിഫോർണിയയും ഫ്ളോറിഡയുമാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.

ജൂലൈ മധ്യത്തോടെ കോവിഡിന്‍റെ വ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ടെക്സസ് ആശുപത്രികളിൽ എണ്ണായിരത്തിൽ താഴെ രോഗബാധിതർ മാത്രമേ ചികിത്സക്ക് എത്തിയിരുന്നുള്ളൂവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ടെക്സസിൽ ഹോട്ട് സ്പോട്ടായി മാറിയ ഹാരിസ് കൗണ്ടിയിൽ നാലു താത്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു പ്രവർത്തിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് പറഞ്ഞു. ദിവസം 1250 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. അതോടൊപ്പം 1.1 ബില്യൺ ഡോളർ നഴ്സിംഗ് കെയർ ഫെസിലിറ്റികൾക്ക് ഫെഡറൽ ഗവൺമെന്‍റ് അനുവദിച്ചതായും ഗവർണർ കൂട്ടിചേർത്തു. ടെക്സസിൽ രോഗവ്യാപനം കുറയുന്നുവെങ്കിലും മുൻകരുതലുകൾ തുടർന്നും പാലിക്കണമമെന്നും ഗവർണർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ