ഷിക്കാഗോ മലയാളികൾക്ക് മനസുനിറഞ്ഞ നന്ദിയോടെ ഡോ. എം.എസ്. സുനിൽ ടീച്ചർ
Monday, September 21, 2020 5:33 PM IST
ഷിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയായ ഡോ. എം.എസ്. സുനിൽ ടീച്ചർ ഷിക്കാഗോ മലയാളികൾക്ക് നന്ദി അറിയിച്ചു. നിർധനരായ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമിച്ചു കൊടുക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോ എം.എസ്. സുനിലിന് പിന്തുണയുമായി ഷിക്കാഗോയിലെ മലയാളി സമൂഹം വ്യക്തിപരമായും സംഘടനാ തലത്തിലും അണിനിരന്നപ്പോൾ 42 ഭവനരഹിതർക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപനം പൂവണിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് സുനിൽ ടീച്ചർ നന്ദി അറിയിച്ചത്.

2019 ലെ ഓണക്കലാത്ത് സ്കറിയകുട്ടി തോമസിന്‍റേയും ടോമി മെതിപ്പാറയുടെയും ആതിഥ്യത്തിൽ ഷിക്കാഗോ സന്ദർശിച്ച ടീച്ചർക്ക്, പിന്തുണ നൽകിയവരിൽ വ്യക്തികളും സംഘടനകളും ഉണ്ട്. മലയാളി അസോസിയേഷൻ ഓഫ് റെസ്‌പിറ്റോറി കെയർ, ഷിക്കാഗോ മലയാളി അസോസിയേഷൻ, ഷിക്കാഗോ കലാക്ഷേത്ര, ഷിക്കാഗോ സോഷ്യൽ ക്ലബ്, ഫ്രണ്ട്സ് ആർ എസ്, ഷിക്കാഗോ കെസിഎസ്, കെസിഎസ് വിമൻസ് ഫോറം, സെന്‍റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച്, ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഡോ. സുനിലിന്‍റെ ആഹ്വാനം സ്വീകരിച്ച് ഭവന നിർമാണ യജ്ഞത്തിൽ പങ്കാളികളായത്.

കേരളം, പ്രളയ ദുരിതത്തിലൂടെ കടന്നു പോയപ്പോൾ, ഭവനരഹിതർക്ക് ആശ്വാസമായതിന്‍റെ ചാരിതാർഥ്യം പങ്കുവയ്ക്കുന്ന ഡോ. സുനിലിന്‍റെ നേതൃത്വത്തിൽ പണിയപ്പെട്ട ഭവനങ്ങളുടെ എണ്ണം ഇതോടെ 185 ആയി. ഇന്ത്യൻ പ്രസിഡന്‍റിന്‍റെ കൈയിൽ നിന്നും സ്ത്രീകൾക്കുള്ള പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാരം അടക്കം സന്നദ്ധ സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സുനിൽ ടീച്ചറുടെ ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ടീച്ചറുടെ സന്ദർശനം ക്രമീകരിച്ച സ്കറിയാകുട്ടി തോമസും ടോമി മെതിപ്പാറയും അറിയിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ