പുതിയ മെഗാ പാരമ്പരയുമായി ടീം അക്കരക്കൂട്ടം വീണ്ടും
Thursday, September 24, 2020 6:12 PM IST
ഹൂസ്റ്റൺ: അഞ്ചുവർഷം മുന്പ് കൈരളി ടീവിയിലൂടെ അക്കരക്കൂട്ടം എന്ന ഹാസ്യ പരമ്പര അവതരിപ്പിച്ച് അമേരിക്കൻ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ ടീം അക്കരക്കൂട്ടം "അമേരിക്കൻ മണ്ണ്' എന്ന മെഗാ സീരിയലുമായി വീണ്ടും രംഗപ്രവേശം ചെയ്യുന്നു.

അമേരിക്കൻ മലയാള നാടകരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ കലാകാരന്മാർ വേഷമിടുന്ന "അമേരിക്കൻ മണ്ണ്" ന്‍റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ 20നു സ്റ്റാഫോർഡിലെ റിഫ്ലക്ഷൻ മീഡിയ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സീരിയലിന്‍റെ കാമറാമാനും എഡിറ്ററുമായ കാലിത് താലിസൺ ടീസർ പുറത്തിറക്കി.

ആദ്യകാലത്ത് അമേരിക്കയിൽ കുടിയേറിയ മലയാളി കുടുംബത്തിന്‍റെ കഥപറയുന്ന ഈ പരമ്പരക്കുവേണ്ടി പല ടിവി ചാനലുകളുമായി പ്രക്ഷേപണ ചർച്ചകൾ നടക്കുന്നതായും എന്നാൽ ആദ്യ എപ്പിസോഡുകൾ അക്കരക്കൂട്ടം യുട്യൂബ് ചാനൽ വഴിയോ ആമസോൺ പ്രൈം വഴിയോ പുറത്തിറക്കാനാണ് ഉദ്ദേശമെന്നു സംവിധായകൻ അനിൽ ആറന്മുള പറഞ്ഞു.

സീരിയലിന് അമേരിക്കൻ മലയാളികളുടെ ഇടയിൽ നല്ല സ്വീകാര്യതയുണ്ടാവുമെന്നും 30 എപ്പിസോഡുകൾ ഉദ്ദേശിച്ചെങ്കിലും അത് 50 വരെ എങ്കിലും പോകുമെന്നും പരമ്പരയുടെ കഥാകൃത്ത്‌ കെന്നഡി ജോസഫ് പറഞ്ഞു. 10 എപ്പിസോഡുകൾ പ്രദർശനത്തിനു തയാറായി കഴിഞ്ഞതായും കെന്നഡി കൂട്ടിചേർത്തു. ചടങ്ങിൽ അതിഥികളും അണിയറ പ്രവർത്തകരും ആശംസകൾ നേർന്നു.

നാടക സീരിയൽ രംഗത്തെ പ്രശസ്തരായ ജോണി മക്കോറ, മൈസൂർ തമ്പി, കെ.ടി. സക്കറിയ, വി.എൻ. രാജൻ, രാജീവ് മാത്യു, ബിജു മാന്നാർ, സെലിൻ മക്കോറ, റെയ്‌ന സുനിൽ, ജെയ്‌നി ജോർജ് എന്നിവരെ കൂടാതെ അനിൽ ആറന്മുളയും കെന്നഡി ജോസഫും വേഷമിടുന്ന മെഗാ പരമ്പര സെപ്റ്റംബർ അവസാന വാരം യൂട്യൂബിൽ സംപ്രേഷണം ആരംഭിക്കും.

എഡിറ്റിംഗ്: മഹേഷ്, ഫിനാൻസ് കൺട്രോൾ: ബിജു മാന്നാർ, നിർമാണ നിർവഹണം: മൈസൂർ തമ്പി, തിരക്കഥ: രാജേഷ് കോട്ടപ്പടിയും കൈകാര്യം ചെയ്യും.

റിപ്പോർട്ട്: ഡോ. ജോർജ് കാക്കനാട്ട്