ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ആന്‍റണി ബ്ലിങ്കൻ
Wednesday, November 25, 2020 4:06 PM IST
ന്യൂയോർക്ക്‌: ഇന്ത്യയുമായി നിലനിൽക്കുന്ന നല്ല ബന്ധം തുടർന്നും ശക്തിപ്പെടുത്തുന്ന നടപടികളായിരിക്കും ജോ ബൈഡൻ ഭരണകൂടം സ്വീകരിക്കുകയെന്ന് നിയുക്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ.

ഒബാമ ഭരണത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ബ്ലിങ്കൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിദേശ സെക്രട്ടറിയായിരുന്നപ്പോൾ നിരവധി തവണ ചർച്ച നടത്തി ഇന്ത്യയുമായി സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുമെന്ന് ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ ഉറപ്പു നൽകിയിരുന്നതായും ഭരണത്തിൽ വരികയാണെങ്കിൽ ഇതിന് മുന്തിയ പരിഗണന നൽകുമെന്ന് ബൈഡൻ പറഞ്ഞിരുന്നതായും ബ്ലിങ്കൻ ആവർത്തിച്ചു.

ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികൾ ഇന്ത്യയെപോലുള്ള ജനാധിപത്യ രാജ്യങ്ങളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനു ശ്രമിക്കുമെന്നും ബ്ലിങ്കൻ നേരത്തെ ഉറപ്പു നൽകിയിരുന്നു. കശ്മീരിനെക്കുറിച്ചും പൗരത്വഭേദഗതി നിയമത്തെക്കുറിച്ചും ബൈഡനുള്ള വ്യത്യസ്ഥ അഭിപ്രായത്തെക്കുറിച്ചും ബ്ലിങ്കൻ ഓർമപ്പെടുത്തി. ഗ്ലോബൽ വാമിംഗിനെക്കുറിച്ചുള്ള കരാർ ഒപ്പുവയ്ക്കുന്നതിൽ ആന്‍റണി ബ്ലിങ്കൻ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പാരിസ് ക്ലൈമറ്റ് എഗ്രിമെന്‍റിൽ ഒപ്പുവയ്ക്കുന്നതിന് ഇന്ത്യയുടെ മേൽ സ്വാധീനം ചെലുത്തുന്നതിന് വേണ്ടതെല്ലാം ബൈഡൻ ഭരണകൂടം ചെയ്യുമെന്നും ആന്‍റണി ബ്ലിങ്കൻ കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ