"ഡിലേയിംഗ് ദി പീക് ' കേരളം ലോകത്തിനു മാതൃക : ഡോ. മുഹമ്മദ് അഷീൽ
Friday, November 27, 2020 5:27 PM IST
രാജ്യത്ത് തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ ഏറ്റവും അവസാനം ആണ് കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യം ഉണ്ടായത്. ഇവിടെയാണ് "ഡിലേയിംഗ് ദി പീക്" എന്ന സ്ട്രാറ്റജി . ഇത്രയും ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് കോവിഡിനെ നേരത്തെ അഴിച്ചു വിട്ടിരുന്നെങ്കിൽ ഉണ്ടാക്കിയേക്കാമായിരുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാകുമായിരുന്നു. എന്നാൽ കേരളം എടുത്ത "ഡിലേയിംഗ് ദി പീക്" സ്ട്രാറ്റജി മൂലം മരണ നിരക്ക് ക്രമാതീതമായി കുറയ്ക്കുവാൻ നമുക്ക് സാധിച്ചുവെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ.

85% റെസ്പിറേറ്ററുകൾ ഇന്നും ഉപയോഗിക്കാതെയാണ് 10000 കേസുകൾ എപ്പോഴും നമ്മൾ കൈകാര്യം ചെയ്യുന്നത്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു എന്നത്.കേസുകൾ കൂടുമ്പോഴും മരണ നിരക്ക് കുറച്ചു നിർത്തുന്നതിൽ വിജയിച്ച ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കേരളം എന്നും മുഹമ്മദ് അഷീൽ പറഞ്ഞു. മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് നയിച്ച കണക്റ്റിഗ് കേരളം എന്ന പരിപാടിയിൽ സിഡിസി യുടെ വാക്സിൻ സ്പെഷൽ ടാസ്ക് ഫോഴ്സിൽ പ്രവർത്തിക്കുന്ന ജീനാ ഡിക്രൂസുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്ത് കോവിഡ് പൊട്ടിപ്പുറപ്പെടുന്ന ആദ്യമാസങ്ങളിൽ തന്നെ കേരളത്തിൽ മികച്ച രീതിയിൽ സ്ക്രീനിംഗുകൾ നടത്തുന്നതിനും സമ്പർക്കം കുറയ്ക്കുന്നതിനും എന്തായിരുന്നു കാരണം എന്ന ചോദ്യത്തിന് ഭയം കൊണ്ടായിരുന്നു ആദ്യമേ തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറ്റവും കൂടുതൽ എളുപ്പത്തിൽ രോഗികൾ ആയേക്കാവുന്ന ഒരു സമൂഹം ആണ് കേരളത്തിലുള്ളത്. അതിന് ഒന്നാമത്തെ കാരണം കേരളത്തിലെ ജനസാന്ദ്രതയാണ്.

ലോകത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന ഒരു സ്ഥലമാണ് കേരളം. മറ്റൊരു കാരണം എന്ന് പറയുന്നത് കേരളം ഹൃദയ സംബന്ധമായും പ്രമേഹ സംബന്ധമായും ഉയർന്ന രക്തസമ്മർദ്ദവും ഉള്ള രോഗികൾ കൂടുതലുള്ള സ്ഥലമാണ്. ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽ കോവിഡ് പോലെയുള്ള രോഗങ്ങൾ പടർന്നു പിടിച്ചാൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ടാണ് കേരളത്തിനെ നേരത്തെ തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാക്കിയത്.

കേരളത്തിന്‍റെ ശക്തി എന്ന് പറയുന്നത് നമ്മുടെ പൊതുജനാരോഗ്യ സംവിധാനമാണ്.
ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്ന് കേരളത്തിലേക്ക് വന്ന ആദ്യ കേസുകൾ മുതൽ ഇന്ന് ഈ നിമിഷം വരെ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഉദാത്തമായ മാതൃകയായിരുന്നു കേരളം ലോകത്തിനു കാട്ടിക്കൊടുത്തത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നുപോലും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ജനുവരി രണ്ടാം ആഴ്ച വരെ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു വൈറസിന്‍റെ വാഹകരായി ചൈനയിലെ വൂഹാൻ സിറ്റിയിൽ നിന്ന് കേരളത്തിലേക്ക് വന്ന മൂന്ന് കേസുകളും ഫലപ്രദമായി ക്വാറന്‍റൈൻ ചെയ്യാൻ കേരളത്തിന് സാധിച്ചു. അതിനു കാരണമുണ്ട്. മുന്പ് നിപ്പായുടെ ഒരു സാഹചര്യം നമ്മുടെ മുന്പിലുണ്ട്. അതിന് നൽകിയ ബോധവൽക്കരണം ഫലപ്രദമായ ആദ്യ പ്രതിരോധത്തിന് കേരളത്തിനെ സഹായിച്ചു - ഡോ. അഷീൽ പറഞ്ഞു.

കോവിഡ് പോലുള്ള വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ സംവിധാനത്തെ പ്രാപ്തമാക്കുന്നത് ജനങ്ങൾ രോഗികൾ ആക്കുന്നത് വൈകിപ്പിക്കുന്നതിലൂടെയാണ്. ഈ വൈകിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സമയം ആരോഗ്യ സംവിധാനത്തെ ഒരുക്കുന്നതിനും ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രാപ്തരാക്കുന്നതിനും റെസ്പിറേറ്ററി സിസ്റ്റം പോലുള്ള മറ്റ് ഉപകരണങ്ങൾ ആവശ്യത്തിന് കരുതുന്നതിനും രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള സ്ഥലങ്ങൾ ഒരുക്കുന്നതിനും സാധിക്കും എന്നുള്ളതാണ്.

‌തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കേരളം തയാറെടുക്കുമ്പോൾ വീണ്ടും കോവിഡ് കേസുകൾ കൂടും എന്നും ഡോ. അഷീൽ മുന്നറിയിപ്പുനൽകി.പ്രചാരണ പരിപാടികളുമായി സ്ഥാനാർഥികൾ ഓരോ വീടുകൾ കയറി ഇറങ്ങുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ ശ്രമിക്കണം. കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയും അടുക്കളയിൽ കയറുകയോ ചെയ്യുന്ന പ്രവണതകൾ ഒഴിവാക്കണം എന്നാണ് ഡോ. അഷീൽ നിർദേശിക്കുന്നത്.

https://www.youtube.com/watch?v=IJHDrSeJPac&feature=youtu.be

റിപ്പോർട്ട്: അജു വാരിക്കാട്