ബൈഡന്‍-ഹാരിസ് കമ്യൂണിക്കേഷന്‍ ടീമില്‍ എല്ലാം വനിതകള്‍
Monday, November 30, 2020 7:19 PM IST
വാഷിംഗ്ടണ്‍ ഡിസി: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഞായറാഴ്ച അവരുടെ കമ്യൂണിക്കേഷന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിലെ മുഴുവൻ അംഗങ്ങളും വനിതകളാണെന്ന പ്രത്യേകത കൂടി ഈ ടീമിനുണ്ട്.

"അമേരിക്കൻ ജനതയുമായി നേരിട്ടും സത്യസന്ധമായും ആശയവിനിമയം നടത്തുന്നത് ഒരു പ്രസിഡന്‍റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. അമേരിക്കൻ ജനതയെ വൈറ്റ് ഹൗസുമായി ബന്ധിപ്പിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം ഈ ടീമിനെ ഏൽപ്പിക്കും' - ബൈഡന്‍ പത്രക്കുറിപ്പിൽ പറഞ്ഞു. യോഗ്യതയുള്ള, പരിചയസമ്പന്നരായ ഈ കമ്യൂണിക്കേഷന്‍ ടീം അവരുടെ പ്രവർത്തനങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളും ഈ രാജ്യം മികച്ച രീതിയിൽ കെട്ടിപ്പെടുക്കുന്നതിനുള്ള പ്രതിബദ്ധതയും കൊണ്ടുവരുന്നു, - ബൈഡൻ കൂട്ടിച്ചേർത്തു.

ബൈഡന്‍-ഹാരിസ് പ്രചാരണത്തിന്‍റെ കമ്യൂണിക്കേഷൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച കേറ്റ് ബെഡിംഗ് ഫീൽഡിനെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി തെരഞ്ഞെടുത്തു.

"അവിശ്വസനീയമാംവിധം ഈ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകളോടൊപ്പം പ്രവർത്തിക്കുകയെന്നത് ഒരു ബഹുമതിയായിരിക്കും' ടീമിലുള്ള മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ബെഡിംഗ്ഫീൽഡ് ട്വിറ്ററിൽ കുറിച്ചു.

ഒബാമ ഭരണത്തിൽ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്നപ്പോൾ ബെഡിംഗ് ഫീൽഡ് അദ്ദേഹത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ പരിഷ്കരണ അഭിഭാഷക ഗ്രൂപ്പായ അമേരിക്കാസ് വോയ്‌സിന്‍റെ ഡപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ച പിലി തോബാർ ബെഡിംഗ്ഫീൽഡിന്‍റെ ഡപ്യൂട്ടി ആയി പ്രവർത്തിക്കും.

ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ആഷ്‌ലി എറ്റിയെന്നിനെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ കമ്യൂണിക്കേഷൻ ഡയറക്ടറായി തെരഞ്ഞെടുത്തു.

ഡമോക്രാറ്റിക് നോമിനിയാകാനുള്ള ശ്രമത്തിനിടെ സെനറ്റർ ബെർണി സാന്‍റാഴ്സിനായി പ്രവർത്തിച്ച സിമോണ്‍ സാന്‍റേഴ്സ് മുതിർന്ന ഉപദേശകയും വൈസ് പ്രസിഡന്‍റിന്‍റെ മുഖ്യ വക്താവുമായി പ്രവർത്തിക്കും.

ഒബാമ ഭരണത്തിൻ കീഴിൽ നിരവധി ആശയവിനിമയ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജെൻ സാകിയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. പൊളിറ്റിക്കൽ അനലിസ്റ്റായി എൻ‌ബി‌സി, എം‌എസ്‌എൻ‌ബി‌സി എന്നിവയിൽ പ്രവർത്തിച്ച കരീൻ ജീൻ പിയറി ഡപ്യൂട്ടി ആയി പ്രവർത്തിക്കും.

ദേശീയ സുരക്ഷാ സംഘത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള സംഘത്തെ ബൈഡന്‍ ഇതിനകം നിയമിച്ചിട്ടുണ്ട്.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ