മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു
Sunday, February 21, 2021 12:50 PM IST
ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ശാഖയുടെ നേതൃത്വത്തിൽ ക്നാനായ റീജിയണിലെ കുട്ടികൾക്കായി ‘സർവീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 13 ശനിയാഴ്ച ഉച്ചകഴിഞ് മൂന്നിന് സൂം വഴി സെമിനാർ നടത്തി. ഡെസ്പ്ലെയിൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേരീവിൽ അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ കാതറീൻ റയനാണ് കുട്ടികൾക്കായി ക്ലാസെടുത്തത്. വളരെ വിജ്ഞാനപ്രദമായ ഈ ക്ലാസിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉടനീളം ഉണ്ടായിരുന്നു. സർവീസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇവിടുത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന സേവനമാർഗ്ഗങ്ങളെ പറ്റിയും സേവനത്തിലൂടെ ഉയർന്ന മഹത് വ്യക്തികളുടെ കഥകളും ഉൾപ്പെടുത്തി പരസ്പരം ആശയവിനിമയം നടത്തി കൊണ്ടുള്ള ക്ലാസ് കുട്ടികളുടെ ശ്രദ്ധ വളരെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏകദേശം നൂറോളം കുട്ടികൾ സൂം വഴിയും മറ്റുള്ളവർ യൂട്യൂബ് ലിങ്ക് വഴിയും ക്ലാസിൽ പങ്കുചേർന്നു.

തുടക്കത്തിൽ ക്നാനായ റീജിയൻ സിഎംഎൽ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയിൽ തെളിയിച്ച തിരി ക്നാനായ റീജിയണിലെ ഇടവകയിലെ സിഎംഎൽ പ്രതിനിധികൾക്ക് കൈമാറിക്കൊണ്ട് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വി. യൗസേപ്പിതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്ന രീതിയിൽ ക്രമീകരിച്ച ഓൺലൈൻ വീഡിയോ, റിലീസ് ചെയ്തു കൊണ്ട് ‘ സെൻറ് ജോസഫ് ഇയർ’സിഎംഎൽ കുട്ടികൾക്കായി വികാരി ജനറാൽ ഫാ.തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരംഭിച്ച മീറ്റിങ്ങിൽ എംസി ആയി ഷിക്കാഗോ സിഎംഎൽ യൂണിറ്റ് ട്രഷറർ അലീഷാ കോലടിയിൽ പരിപാടികൾ ക്രോഡീകരിച്ചു. ലെന കുരുട്ടുപറമ്പിൽ ആലപിച്ച ഈശ്വരഗാനത്തെതുടർന്ന് പ്രസിഡന്‍റ് ജയിംസ് കുന്നശേരി സ്വാഗതം പറഞ്ഞു.

സെന്‍റ് ജോസഫ് ഇയറിന്‍റ് പ്രാധാന്യത്തെക്കുറിച്ച് ലളിതമായ രീതിയിൽ ജോയിന്‍റ് സെക്രട്ടറി ഐസക് തിരുനെല്ലിപറമ്പിൽ കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് ഫാ. തോമസ് മുളവനാൽ അനുഗ്രഹപ്രഭാഷണം നടത്തി. സിഎംഎൽ സെക്രട്ടറി ഫിലിപ്പ് കുട്ടി ആനാലിൽ ഗസ്റ്റ് സ്പീക്കർ സിസ്റ്റർ കാതറിൻ റയാനെ പരിചയപ്പെടുത്തി. ഷിക്കാഗോ സിഎംഎൽ യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്‍റ് അലിഷ വാക്കേൽ ഏവർക്കും നന്ദി അർപ്പിച്ചു. സെമിനാറിനു ശേഷം ഫാ.ബിൻസ് ചേത്തലിൽ സിഎംഎൽ പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിക്കുകയും അനുഗ്രഹ ആശിർവാദത്തോടെ മീറ്റിംഗ് സമാപിക്കുകയും ചെയ്തു.

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളമ്പേൽ