ഒക് ലഹോമായിൽ കോവിഡ് മരണം 8000 കവിഞ്ഞു
Friday, April 9, 2021 5:58 PM IST
ഒക് ലഹോമ സിറ്റി: കോവിഡുമായി ബന്ധപ്പെട്ട് ഒക് ലഹോമയിൽ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് അധികൃതർ. വ്യാഴാഴ്ചയോടെ മരണസംഖ്യ 8023 ആയി ഉയർന്നു. 442 389 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക് ലഹോമ സംസ്ഥാനത്ത് ഇതുവരെ രണ്ട് മില്യൺ പേർക്ക് കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായും 700,000 പേർക്ക് രണ്ടു ഡോസ് ലഭിച്ചതായും സിഡിസിയുടെ അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തിനു പുറത്ത് നിന്നു വന്നു താമസിക്കുന്നവർക്കും കോവിഡ് വാക്സീൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഏപ്രിൽ 8 മുതലാണ് ഈ നിയമം നിലവിൽ വരുന്നത്.

അമേരിക്കയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നുപാർക്കുന്നവർക്ക് വാക്സിനേഷൻ നൽകുന്ന ആദ്യ സംസ്ഥാനമാണ് ഒക് ലഹോമ. 16 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായാണ് സംസ്ഥാനത്ത് വാക്സീൻ വിതരണം ചെയ്യുന്നത്. 16 മുതൽ 18 വയസു വരെയുള്ളവർക്ക് ഫൈസർ വാക്സീനും 18 നു മുകളിലുള്ളവർക്ക് മൊഡേർണ, ജോൺസൺ ആൻഡ് ജോൺസൻ വാക്സീനുമാണ് നൽകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വാക്സീൻ ലഭിക്കുന്നതിന് പ്രയാസപ്പെടുന്നവരെ ഞങ്ങൾ ഇവിടേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സ്റ്റേറ്റ് ഡപ്യൂട്ടി കമ്മീഷണർ കീത്ത് റിസ് പറഞ്ഞു. കോവിഡ് വ്യാപനം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ