ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിൻ വിതരണം നിര്‍ത്തിവെച്ചതിനെതിരെ ട്രംപ്
Thursday, April 15, 2021 12:29 PM IST
വാഷിങ്ടന്‍ ഡിസി: തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു രാജ്യവ്യാപകമായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് വാക്‌സീന്റെ വിതരണം നിര്‍ത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ചു ട്രംപ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സീന്‍ വളരെ ഫലപ്രദമാണെന്നും, എന്നാല്‍ അതിന്റെ വിശ്വാസ്യത എന്നന്നേക്കുമായി ഇല്ലാതാക്കുന്നതാണു വാക്‌സീന്റെ വിതരണം നിര്‍ത്തിവെച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്നും ട്രംപ് വ്യക്തമാക്കി.

ഫെഡറല്‍ ഗവണ്‍മെന്റിന് ഫൈസര്‍ വാക്‌സീനോടുള്ള അതിരുകവിഞ്ഞ സ്‌നേഹമാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുവാന്‍ കാരണമെന്നും ട്രംപ് ആരോപിച്ചു. അടിയന്തിരമായി വാക്‌സീന്‍ ഉപയോഗിച്ചു തുടങ്ങുവാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷ്യന്‍ വിഭാഗത്തോടും ട്രംപ് ആവശ്യപ്പെട്ടു.

ഏഴു മില്യന്‍ പേര്‍ക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സീന്‍ നല്‍കിയപ്പോള്‍ അതില്‍ ആറു സ്ത്രീകള്‍ക്കു തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെകുറിച്ചു അന്വേഷിച്ച്, വാക്‌സീന്‍ വിതരണം പുനഃസ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്‌സീന്‍ നല്‍കുന്നതു തല്ക്കാലം നിരോധിച്ചുകൊണ്ടു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിരുന്നു. ലക്ഷകണക്കിനാളുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സീന്‍ ലഭിക്കുന്നതിനു റജിസ്ട്രര്‍ ചെയ്തിരുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാൻ