ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അരിസോണയിൽ നഴ്സസ് ഡേ ആഘോഷിച്ചു
Monday, May 10, 2021 2:04 PM IST
ഫീനിക്സ് : അരിസോണ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍റെ പ്രഥമ “നേഴ്സ് ഡേ” ആഘോഷങ്ങൾ മേയ് എട്ടിന് വളരെ ആര്‍ഭാടമായി ആഘോഷിച്ചു. കോവിഡ് എന്ന മഹാമാരിയിൽ പൊലിഞ്ഞുപോയ ആരോഗ്യ പ്രവർത്തകരുടെ ഓർമ്മകൾക്കുമുന്നിൽ മൗന പ്രാർഥനക്കുശേഷം സിൻസി തോമസ് പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് അനീറ്റ മാത്യു ആലപിച്ച അമേരിക്കൻ ദേശീയഗാനത്തോടും അനിത ബിനുവിന്‍റെ ഇന്ത്യന്‍ ദേശീയ ഗാനത്തോടും കൂടി ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്‍റ് അമ്പിളി ഉമയമ്മ സ്വാഗത പ്രസംഗം നടത്തി. സമ്മേളനത്തിന്‍റെ മുഖ്യ അതിഥിയായി എത്തിയത് ഫ്രാൻസിസ്കൻ ഹെൽത്ത് സീനിയർ വൈസ് പ്രസിഡന്റും ചീഫ് നഴ്സിംഗ് ഓഫീസറുമായ ഡോ. അഗന്സ് തേറാഡിയാണ്. ചടങ്ങിൽ വച്ച് പുതിയ ഗ്രാജുവേറ്റസിനെ ആദരിച്ചതോടൊപ്പം, എല്ലാ അംഗങ്ങൾക്കും മനോഹരമായ സമ്മാനങ്ങൾ നൽകി, സേവനത്തിന്‍റെ മുഖമുദ്രയായ നഴ്സുമാര്‍ക്ക് പ്രശംസ പത്രവും, ഫലകവും നൽകി ആദരിച്ചു.

ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പ്രസിഡന്‍റ് ഡോ. റ്റി. ദിലീപ് കുമാർ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫ. ആയ ഡോ മരിയൻ മക്കാർത്തി, ഇന്ത്യ അസോസിയേഷൻ ഓഫ് ഫീനിക്സ് പ്രസിഡന്റ് രാധിക ശിവ, സ്റ്റേവാർഡ് ഹെൽത്ത് കെയർ ചീഫ് നഴ്സിംഗ് ഓഫീസർ ഡെനിസ് ഹാക്കറ്റ് എന്നിവർ പ്രഭാഷണം നടത്തി. നഴ്സസ് ഡേ ആഘോഷത്തിന്റെ പ്രസക്തിയെകുറിച്ചു ബാനർ ഹെൽത്തിലെ ഇൻഫർമേഷൻ ടെക്നോളജി ഇമ്പ്ലിമെന്റഷന് ഹെഡ് ആയ നിതാ ചെത്തികാട്ടിൽ പ്രസന്റേഷൻ അവതരിപ്പിച്ചു.

നിർത്ത മഞ്ജീരം സ്‌കൂളിലെ അധ്യാപികയും പ്രമുഖ നർത്തകിയുമായ മഞ്ജു രാജേഷ് അവതരിപ്പിച്ച ഡാൻസ്, സംഘടനയിലെ അംഗങ്ങളും അവരുടെ കുട്ടികളും ചേർന്ന് വിവിധ കലാപരിപാടികളും വിജ്ഞാനപ്രദങ്ങളായ ലഘു നാടകം തുടങ്ങിയ അവതരിപ്പിച്ചു. ഗിരിജ മേനോൻ ആനുകാലിക ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിച്ചവതരിപ്പിച്ച കോവിഡ് അനിമേഷൻ സ്കിറ്റ് ശ്രദ്ധേയമായി. സംഘടനയുടെ ജനറൽ സെക്രട്ടറി ലേഖ നായരും ജോയിന്‍റ് സെക്രട്ടറി നിഷ പിള്ളയും പരിപാടിയുടെ അവതാരകർ ആയപ്പോൾ അനിത ബിനുവും അജിത സുരേഷ്കുമാറും ചേർന്ന് അവാർഡുവിതരണം പരിപാടിയുടെ എംസി ആയി. ശോഭ കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

എലിസബത്ത് സുനിൽ സാം, ഗിരിജ മേനോൻ, ബിന്ദു വേണുഗോപാൽ, ജെസ്സി എബ്രഹാം, മിനു ജോജി, സാറ ചെറിയാൻ, വിനയ് കപാഡിയ, അന്ന എബ്രഹാം, ജമിനി ജോൺ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: മനു നായർ