വാക്‌സിന്‍ സ്വീകരിക്കാത്ത ഹൂസ്റ്റണ്‍ ആശുപത്രി ജീവനക്കാരുടെ സസ്‌പെന്‍ഷനെതിരേയുള്ള ലോസ്യൂട്ട് തള്ളി
Sunday, June 13, 2021 4:41 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ നൂറോളം ജീവനക്കാര്‍ നല്‍കിയ ലോ സ്യൂട്ട് ഫെഡറല്‍ ജഡ്ജി തള്ളി. ഇരുനൂറ് ജീവനക്കാരാണ് സസ്‌പെന്‍ഷന് വിധേയരായത്.

ആശുപത്രി പോളിസിക്കനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ജൂണ്‍ ഏഴുവരെയാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സമയപരിധി നല്‍കിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ആശുപത്രി മാനേജ്‌മെന്റിന്റെ ഉത്തരവ് അനുസരിക്കാന്‍ തയാറാകാത്ത ജീവനക്കാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ജൂണ്‍ 14-നു മുമ്പ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്നും അന്ത്യശാസനം നല്‍കിയിരുന്നു.

ഇതിനെതിരേയാണ് ജീവനക്കാര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രി മാനേജ്‌മെന്റ് നിയമവിരുദ്ധമായാണ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും, അവരുടെ ജോലി സുഗമമായി നിറവേറ്റുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം കൊണ്ടുവരുന്നതെന്നും കേസ് തള്ളിക്കൊണ്ട് ഫെഡറല്‍ ജഡ്ജി ലിന്‍ ഹുഡ്‌സ് പറഞ്ഞു.

കോടതി വിധി മെതഡിസ്റ്റ് ആശുപത്രിയുടെ വിജയമാണെന്ന് പ്രസിഡന്റും, സിഇഒയുമായ മാര്‍ക്ക് ബൂം പറഞ്ഞു. എന്നാല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ജീവനക്കാരെ പ്രതിനിധീകരിച്ച് ജന്നിഫല്‍ ജന്നിഫര്‍ ബ്രിഡ്ജസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍