ഡോ.ദേവി നന്പ്യാപറന്പിലിന്‍റെ തെരെഞ്ഞെടുപ്പ് ധനസമാഹാര പരിപാടി വൻ വിജയമായി
Saturday, September 25, 2021 10:36 PM IST
ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ നന്പ്യാപറന്പിൽ. ഡോ. ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി കേരളടൈംസ് ന്യൂസ് പോർട്ടലിന്‍റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്‍റിൽ സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നർ നൈറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ന്യൂയോർക്ക് സിറ്റിയിൽ പല പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടുകളിൽ പലതും ചെലവഴിക്കാതെ പോകുന്നുണ്ട്. ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിട്ടുണ്ടോ അല്ലെങ്കിൽ ആ തുക എന്തു ചെയ്തു എന്നത് സംബന്ധിച്ച് യാതൊരു വിധ കണക്കുകളോ വിവരങ്ങളോ സിറ്റി കൗണ്‍സിലിന്‍റയും ഉദ്യോഗസ്ഥരുടെയും പക്കലില്ല. ഉദാഹരണത്തിന് പാർപ്പിടമില്ലാത്ത (ഹോം ലെസ്) തെരുവുകളിൽ മറ്റും കഴിയുന്ന അടിസ്ഥാനവർഗത്തിൽപെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വർഷവും രണ്ടു മില്ല്യനിൽ പരം ഡോളർ തുക സിറ്റി കൗണ്‍സിൽ വകയിരുത്താറുണ്ട്.

എന്നാൽ ഹോം ലെസ് എന്നും ഹോം ലെസ് ആയി തന്നെ ഇപ്പോഴും കഴിയുകയാണ്. ഈ തുക എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് ഒരു ഡാറ്റയും ആരുടെയും പക്കലില്ല. ഹോം ലെസ് ആയിട്ടുള്ളവർ ശബ്ദം ഉയർത്തുകയോ അഥവാ അവരുടെ ശബ്ദം ഉയർന്നാൽതന്നെ അത് ആരും കേൾക്കാനുമുണ്ടാകില്ല. അതുപോലെ തന്നെ പാർശ്യവല്ക്കരിക്കപ്പെട്ട നിരവധിയാളുകളുടെ ശബ്ദം അധികാര വർഗം കേൾക്കാതെ പോകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടെത്തി മേയറുടെയും സിറ്റി കൗണ്‍സിലിന്‍റെയും മുൻപാകെ കൊണ്ടുവരിക എന്നതാണ് പബ്ലിക്ക് അഡ്വക്കേറ്റിന്‍റെ കടമ. ഇത്തരം ആളുകൾക്ക് നീതി ലഭിക്കാനും ഇത്തരം അനീതികൾക്കതിരെ ശബ്ദമുയർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് തന്‍റെ സ്ഥാനാർത്ഥിത്വത്തിനു അടിസ്ഥാനമായ കാരണമെന്നും ഡോ. ദേവി വിശദീകരിച്ചു.

ഡോ. ദേവി നന്പ്യാപറന്പിലിന്‍റെ അടുത്ത ബന്ധുകൂടിയായ ന്യൂയോർക്കിലെ സെയിന്‍റ് ബർണബാസ് ഹോസ്പിറ്റലിലെ ചാപ്ലിനും ഗായകനുമായ റവ.ഡോ. ഫ്രാൻസിസ് നന്പ്യാപറന്പിലിന്‍റെ പ്രാർഥന ഗാനത്തോടെയുമായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് കേരള ടൈംസ് മാനേജിംഗ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ ധനസമാഹാര ഡിന്നർ നെറ്റിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. റോക്ക് ലാൻഡ് കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് എഡ് ഡേ ചടങ്ങ് ഉദാഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

തോമസ് നൈനാൻ എഡ് ഡേയെ പരിചയപ്പെടുത്തി. കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്റർ ബിജു കൊട്ടാരക്കര ഡോ. ദേവി എലിസബത്ത് നന്പ്യാപറന്പിലിനെ ഒൗദ്യോഗികമായി സദസിനു പരിചയപ്പെടുത്തി. ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ന്യൂയോർക്ക് സ്റ്റേറ്റ് ഹ്യൂമൻ കമ്മിഷൻ മെന്പറും ഇൻഡോ-അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ചെയറുമായ തോമസ് കോശി, ന്യൂജേഴ്സിയിലെ വെസ്റ്റ്വുഡ് സിറ്റി മുൻ കൗണ്‍സിലർ ജോർജ് ജെയിംസ്, ഹഡ്സണ്‍വാലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജിജി ടോം, ഐഒസി യുഎസ്എ കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട്, പി.ടി. തോമസ്, ന്യൂജേഴ്സിയിലെ കേരള കൾച്ചറൽ ഫോറം പ്രസിഡന്‍റും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ കോശി ഫിലിപ്പ്, ഡോ. ദേവിയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് റവ. ഡോ. ഫ്രാൻസിസ് നന്പ്യാപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ അവതാരകനും മോഡറേറ്ററും ആയിരുന്നു. കേരള ടൈംസ് ചാനൽ സീനിയർ ആങ്കറും ഡോ. ദേവിയുടെ കുടുംബ സുഹൃത്തുമായ മിനി ടോണി ജോസഫ് നന്ദി പറഞ്ഞു. ഡോ. ദേവിയുടെ പിതാവ് ജോസഫ് നന്പ്യാപറന്പിലും അമ്മ മേരി ജെ. നന്പ്യാപറന്പി(സുശീല) ലും മറ്റു നിരവധി ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡോ. ദേവിയുടെ പ്രസംഗത്തിനു ശേഷം ചടങ്ങിൽ സംബന്ധിച്ച അതിഥികളുമായി സംവാദവും നടത്തിയിരുന്നു.

ഫ്രാൻസിസ് തടത്തിൽ