ഫൊക്കാന കണ്‍വൻഷൻ: ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും
Saturday, July 2, 2022 7:50 AM IST
ഫ്രാൻസിസ് തടത്തിൽ
ഒർലാൻഡോ: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ജൂലൈ ഏഴു മുതൽ പത്ത് വരെ നടത്തപ്പെടുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ ചിരിയരങ്ങിന്‍റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

ഫൊക്കാന വൈസ് പ്രസിഡന്‍ററ് തോമസ് തോമസും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു മാത്യുവുമാണ് കോഓർഡിനേറ്റർമാർ.

1994 ല്‍ ടൊറന്‍ഡോ കണ്‍വന്‍ഷനില്‍ അരങ്ങേറിയ പ്രഥമ ഫൊക്കാന ചിരിയരങ്ങ് മുതല്‍ 2006 ലെ ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ വരെ തുടര്‍ച്ചയായി ചിരിയരങ്ങിന്‍റെ സാരഥ്യം വഹിച്ചിരുന്നത് രാജു മൈലപ്രയാണ്. നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള രാജു മൈലപ്ര, തന്‍റെ ഹാസ്യ ലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഫൊക്കാന കണ്‍വന്‍ഷനുകളില്‍ അനേകം ആളുകളെ ആകര്‍ഷിക്കുന്ന ചിരിയരങ്ങ് വേദിയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.